തിരുവനന്തപുരം: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ദുരിതത്തിലായ ആയിരക്കണക്കിന് ആളുകൾക്ക് കൈത്താങ്ങായി സേവാഭാരതി പ്രവർത്തകർ വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലെ പ്രളയബാധിത മേഖലകളിൽ രാവും പകലും ഭേദമില്ലാതെ സന്നദ്ധ പ്രവർത്തകർ സേവനമനുഷ്ഠിക്കുകയാണ്.
റാന്നി, ആറന്മുള, അപ്പർകുട്ടനാട് മേഖലകളിൽ വെള്ളത്തിൽ ഒറ്റപ്പെട്ട വീടുകളിൽ കുടുങ്ങിക്കിടന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിലും ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നതിലും രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിലും സേവാഭാരതി പ്രവർത്തകർ നിർണായക പങ്കുവഹിക്കുന്നതായി സംഘടന അറിയിച്ചു.
പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായമായി ബിജെപി പ്രവർത്തകരും രംഗത്തെത്തിയതോടെ ആറന്മുള പുഞ്ചയോട് ചേർന്ന നൂറുകണക്കിന് വീടുകളിൽ നിന്ന് നിരവധി പേരെ അതിവേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞു. കോഴഞ്ചേരി–മാവേലിക്കര റോഡിലെ പെട്രോൾ പമ്പിന് സമീപമുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും രക്ഷാപ്രവർത്തനങ്ങൾ നടന്നത്. ആറന്മുള പുഞ്ചയിൽ നിന്നുള്ള പ്രളയജലത്തിന്റെ ശക്തമായ ഒഴുക്ക് നേരിട്ട ഈ മേഖലയിൽ വീടുകളുടെ മുകൾനിലകളിൽ കുടുങ്ങിയ കുടുംബങ്ങളെ സാഹസികമായി രക്ഷപ്പെടുത്തി വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
കോഴഞ്ചേരിയിൽ മാത്രം അമ്പതിലധികം സേവാഭാരതി സന്നദ്ധ പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. ആലപ്പുഴ ജില്ലയിലെ എടത്വ, തലവടി മേഖലകളിലും പ്രവർത്തനം തുടരുകയാണ്. കാലൊടിഞ്ഞ് കിടപ്പിലായ ഒരാളെ വീടിനുള്ളിൽ നിന്ന് സ്‌ട്രെച്ചറിന്റെ സഹായത്തോടെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതും ശ്രദ്ധേയമായ രക്ഷാപ്രവർത്തനങ്ങളിലൊന്നായിരുന്നു.
രക്ഷാപ്രവർത്തനങ്ങൾക്ക് ജില്ലാ സെക്രട്ടറി എം.എസ്. മധുസൂദനനും വിനീഷ് വി.സി.യും നേതൃത്വം നൽകി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ രക്ഷാദൗത്യങ്ങൾക്കായി യമഹ എൻജിൻ ഘടിപ്പിച്ച രണ്ട് വള്ളങ്ങളും തലവടി മേഖലയിൽ സേവാഭാരതി സജ്ജമാക്കിയിട്ടുണ്ട്. സംഘടനയുടെ നേതൃത്വത്തിൽ ദുരിതബാധിതർക്കുള്ള സഹായ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അറിയിച്ചു.

