കൊച്ചി : മോഡലിങ്ങിന്റെയും ഇവന്റ് മാനേജ്‌മെന്റിന്റെയും മറവിൽ കൊച്ചിയിൽ നിന്നും ദുബായിലേക്ക് പെൺകുട്ടികളെ കടത്തി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സിന്ധു, ബിലാൽ എന്നിവരെ ചോദ്യം ചെയ്തതിലൂടെ കോവിഡ് കാലത്തിന് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി ദുബായ് കേന്ദ്രീകരിച്ച് ഈ സെക്സ് റാക്കറ്റ് സജീവമായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി. ബിലാലിന്റെ മൊബൈൽ ഫോണിൽ നിന്നും നിരവധി യുവതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ഫോണിൽ കണ്ടെത്തിയ ചിത്രങ്ങളിലെ യുവതികളെല്ലാം ഈ സംഘം ചതിയിൽപ്പെടുത്തി ദുബായിലേക്ക് കടത്തിയവരാണോ എന്ന് കണ്ടെത്താൻ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കസ്റ്റഡിയിലുള്ള പ്രതികളെ അടുത്ത ആഴ്ച കോടതിയിൽ ഹാജരാക്കി ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.
യുവതികളെ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ദുബായിൽ എത്തിച്ച ശേഷം അവിടെ അന്യായമായി തടങ്കലിൽ പാർപ്പിക്കുകയായിരുന്നു ഈ സംഘത്തിന്റെ രീതി. തുടർന്ന് ഇവരുടെ ചിത്രങ്ങൾ പകർത്തി ആവശ്യക്കാർക്ക് അയച്ചുകൊടുത്ത് ലക്ഷങ്ങളുടെ ഇടപാടുകൾ ഉറപ്പിക്കും. തുടർന്ന് എത്തുന്ന ഇടപാടുകാർ പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയാണ് പതിവ്. ഈ ക്രൂരമായ പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, വീണ്ടും നാട്ടിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതികളെ ഈ നരകതുല്യമായ അവസ്ഥയിൽ തുടർന്നും പീഡിപ്പിച്ചിരുന്നത്. സിന്ധുവിന്റെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ സപ്ലൈ ഏജന്റായി പ്രവർത്തിച്ചിരുന്ന ശ്രീകുമാർ പെൺകുട്ടികളെ എത്തിക്കുന്നതിന് അനുസരിച്ചാണ് പണം കൈപ്പറ്റിയിരുന്നത്. ഇയാൾ നിരവധി വ്യാജ സിം കാർഡുകളും ഒട്ടേറെ ബാങ്ക് അക്കൗണ്ടുകളും കുറ്റകൃത്യത്തിനായി കൈകാര്യം ചെയ്തിരുന്നു.
കേസിലെ മറ്റ് പ്രധാന പ്രതികളായ റഹ്മത്ത്, ഷംല എന്നിവർ നിലവിൽ വിദേശത്താണ് ഒളിവിൽ കഴിയുന്നത്. ഇവർക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. അതിനിടെ, കൊച്ചിയിലെ പ്രമുഖ ഗുണ്ടാ നേതാവായ ഔറംഗസേബിന് പ്രതി സിന്ധു വൻതോതിൽ പണം കൈമാറിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പണമിടപാടിന് പിന്നിലെ ലക്ഷ്യമെന്താണെന്നും ഗുണ്ടാസംഘങ്ങൾക്ക് ഈ റാക്കറ്റുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേരളത്തിന് പുറത്തുനിന്നും നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ ദുബായിൽ എത്തിച്ച് പീഡിപ്പിച്ചതായി വിവരമുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ പ്രമുഖരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് കൊച്ചി പോലീസ് നൽകുന്ന സൂചന.

