Friday, October 16, 2026

നരേന്ദ്രമോദിയ്ക്ക് വൈറ്റ് ഹൗസിലേക്ക് ക്ഷണം ! ട്രമ്പിന്റെ ഔദ്യോഗികക്ഷണം കൈമാറി മാർക്കോ റൂബിയോ

ദില്ലി : നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഔദ്യോഗിക സന്ദേശം റൂബിയോ കൂടിക്കാഴ്ചയിൽ കൈമാറി. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര ബന്ധങ്ങളിലും പ്രാദേശിക സുരക്ഷാ കാര്യങ്ങളിലും ചില അസ്ഥിരതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നടക്കുന്ന ഈ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് ആഗോള രാഷ്ട്രീയ കേന്ദ്രങ്ങൾ വീക്ഷിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ ദില്ലിയിലെ സേവാ തീർത്ഥിൽ വെച്ചായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ച നടന്നത്. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം പ്രതിരോധിക്കുന്നതിനെക്കുറിച്ചും പശ്ചിമേഷ്യയിലെ ഇറാൻ സംഘർഷം ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു.

വ്യാപാര-സാമ്പത്തിക രംഗങ്ങളിൽ ചില തർക്കങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യയെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പങ്കാളിയായാണ് അമേരിക്ക കാണുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നയതന്ത്ര നീക്കം. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം ക്വാഡ് (Quad) കൂട്ടായ്മയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും ഈ സന്ദർശനത്തിന് പിന്നിലുണ്ട്. സുരക്ഷ, വ്യാപാരം, നിർണായക സാങ്കേതിക വിദ്യകൾ എന്നീ മേഖലകളിൽ ഇന്ത്യ-യു.എസ് സഹകരണം ആഴത്തിലാക്കുന്നതിനെക്കുറിച്ച് ഫലപ്രദമായ ചർച്ചകൾ നടന്നതായി ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. ഈ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളെയും ശക്തിപ്പെടുത്തുമെന്നും സ്വതന്ത്രവും തുറന്നതുമായ ഇൻഡോ-പസഫിക് മേഖലയെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു.

അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം ഇന്ത്യ-യു.എസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാളും പ്രതികരിച്ചു. പ്രസിഡന്റ് ട്രമ്പിനൊപ്പം ചൈനീസ് തലസ്ഥാനമായ ബീജിങ് സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് റൂബിയോ തന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ചൊവ്വാഴ്ച വിദേശത്തേക്ക് മടങ്ങുന്നതിന് മുൻപ്, ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക യോഗത്തിലും റൂബിയോ പങ്കെടുക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈന നടത്തുന്ന സൈനിക-വ്യാപാര കടന്നുകയറ്റങ്ങളെ ഒന്നിച്ച് പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ഈ യോഗത്തിൽ പ്രധാന ചർച്ചയാകും.

Related Articles

Latest Articles