Saturday, June 15, 2024
spot_img

സിനിമാ പ്രമോഷനെത്തിയ യുവനടിമാർക്ക് എതിരായ ലൈംഗിക അതിക്രമം; കണ്ടാലറിയാവുന്ന 2പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്: സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കണ്ടാലറിയാവുന്ന 2 പേർക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പന്തീരാങ്കാവ് പോലീസ് ആണ് കേസ്സെടുത്തത്. രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് കേസ്സെടുത്തത്. കൂടാതെ സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സംഘാടകരോട് പോലീസ് നിർദേശിച്ചു.

കോഴിക്കോട് ചൊവ്വാഴ്ച വൈകീട്ട് നടന്ന സിനിമ പ്രമോഷൻ ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴാണ് നടിമാർക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. വനിത പോലീസ് ഉദ്യോഗസ്ഥർ ഇരുവരിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്നും ഇരുവരും മൊഴി നൽകിയിട്ടുണ്ട്. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്ക് ഉടൻ തന്നെ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും.

കൂടുതലും വിദൂര ദൃശ്യങ്ങളായതിനാൽ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അതും പോലീസ് പരിശോധിച്ചു. പ്രതി കോഴിക്കോട്ടുകാരനെന്നാണ് വിവരം. ഇയാൾ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.

Related Articles

Latest Articles