മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് ഒത്തുതീർപ്പായി. പീഡനം ആരോപിച്ച് പരാതി നൽകിയ യുവതിക്ക് 80 ലക്ഷം രൂപ നൽകിയാണ് ഒത്തുതീർപ്പിലെത്തിച്ചത്. കുട്ടിയുടെ ഭാവിക്കായി ആണ് 80 ലക്ഷം രൂപ നൽകിയെന്നാണ് ഒത്തുതീർപ്പ് കരാറിൽ പറയുന്നത്. നിയമ നടപടികൾ മതിയാക്കാൻ ഇരുകൂട്ടരും സന്നദ്ധരായതോടെ ബോംബെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു.
കുട്ടിയുടെ പിതൃത്വം കണ്ടെത്താൻ നടത്തിയ ഡിഎൻഎ പരിശോധനാ ഫലം കോടതി പരിശോധിക്കുന്നതിന് മുമ്പാണ് കേസ് ഒത്ത് തീർപ്പിലാവുന്നത്. 80 ലക്ഷം രൂപ കുട്ടിയുടെ ചെലവിലേക്ക് നൽകിയെന്നാണ് കരാർ വ്യവസ്ഥയായി രേഖയിലുള്ളത്. എന്നാൽ കുഞ്ഞിന്‍റെ പിതൃത്വത്തെ കുറിച്ച് കരാറിൽ ഒന്നും പറയുന്നുമില്ല.
2019ലാണ് ബിഹാർ സ്വദേശിനിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയത്. എന്നാൽ ഈ പരാതി വ്യാജമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസിൽ ഡിഎൻഎ പരിശോധന നടത്താൻ ഹൈക്കോടതി ആവശ്യപ്പെട്ടു.
രണ്ട് വർഷത്തിലേറെയായി പരിശോധനാ ഫലം സീൽ ചെയ്ത കവറിൽ ഹൈക്കോടതിയിൽ ഉണ്ട്. ഇത് തുറന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി ഈ വർഷം ആദ്യം യുവതി കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഒത്ത് തീർപ്പിലേക്ക് കാര്യങ്ങൾ വേഗം നീങ്ങിയത്. കേസ് അവസാനിച്ചതോടെ ഇനി ഡിഎൻഎ പരിശോധാ ഫലവും തുറക്കേണ്ടതില്ലെന്നായി. കേസിൽ പോലീസ് ബിനോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.

