കൊച്ചി: നടൻ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി.ഗോപിനാഥിന്‍റെ ബെഞ്ചാണ് ഇന്ന് വാദം കേൾക്കുക. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. തുടർന്ന് ഇയാൾ ജോർജിയയിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ രാജ്യത്തെത്തിക്കാൻ എംബസി മുഖേന നടത്തുന്ന ശ്രമങ്ങൾ സർക്കാർ, കോടതിയെ അറിയിക്കും.
അതേസമയം, ബലാത്സംഗക്കേസിൽ പ്രതിയായതിന് പിന്നാലെ വിദേശത്തേക്ക് കടന്ന നടൻ വിജയ് ബാബുവിനായി ജോർജിയയിൽ അന്വേഷണം തുടരുകയാണ്. ജോർജിയയിലെ ഇന്ത്യൻ എംബിസി മുഖേന അവിടുത്തെ വിമാനത്താവളങ്ങൾക്കും അതിർത്തി ചെക്പോസ്റ്റുകൾക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
കൂടാതെ വിജയ് ബാബുവിന്‍റെ പാസ്പോർട്ട് റദ്ദാക്കിയെന്നും യാത്രയ്ക്കായി എത്തിയാൽ അറിയിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോർജിയയിൽ നിന്ന് പ്രതി മറ്റെവിടേക്കെങ്കിലും പോകുന്നത് തടയാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി പോലീസിന്‍റെ നീക്കം.

