സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിന്റെ സാക്ഷി മൊഴി രേഖപ്പെടുത്തി. എറണാകുളം തമ്മനത്തുള്ള ജോഷി ജോസഫിന്റെ വീട്ടിലെത്തിയാണ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്.
2009 ല്‍ ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തി. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്നും നടിയുടെ പരാതിയിൽ പറയുന്നു.
നേരിട്ട മോശം അനുഭവം ഉടനെ തന്നെ ജോഷി ജോസഫിനെ നടി അറിയിക്കുകയും നടിയുടെ അവസ്ഥ മനസിലാക്കിയ ജോഷി ജോസഫ് അവരെ തമ്മനത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. അതേസമയം കേസിൽ ബംഗാളി നടിയുടെ മൊഴി രേഖപ്പെടുത്തി. തുടർനടപടികൾക്കായി അന്വേഷണ സംഘം ബംഗാളിലേക്ക് ഉടൻ പോകും

