Wednesday, October 7, 2026

ഒൻപത് വയസ്സുകാരിയായ സുഹൃത്തിൻ്റെ മകളെ പീഡിപ്പിച്ച കേസ്; ഓട്ടോഡ്രൈവര്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: ഒൻപത് വയസ്സുകാരിയായ സുഹൃത്തിൻ്റെ മകളെ ഓട്ടോയ്ക്കുള്ളിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തവും 75,000 രൂപ പിഴയും. തിരുവനന്തപുരം മണ്ണന്തലയ്ക്ക് സമീപമുള്ള ചെഞ്ചേരി ലെയിനിൽ കുരുൻകുളം ത്രിശാലയത്തിൽ ത്രിലോക് എന്ന അനിയെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. അതിവേഗ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണനാണ് വിധി പ്രഖ്യാപിച്ചത്.

2012-2013 വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ പ്രതിയുടെ ഓട്ടോയിലാണ് സ്കൂളിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് കൊണ്ടാക്കിയിരുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കായി പത്തനംതിട്ടയിൽ പോയപ്പോൾ അമ്മൂമ്മയോടൊപ്പം മൊട്ടമൂടായിരുന്ന താമസം.

ഓട്ടോയ്ക്കുള്ളിൽ വച്ച് പ്രതി പല തവണകളായി കുട്ടിയെ ബലാൽസംഗം ചെയ്തിട്ടുണ്ട്. ഒരു തവണ പ്രതിയുടെ കൂട്ടുകാരനെ വിളിച്ച് വരുത്തി പീഡിപ്പിക്കാൻ വേണ്ട ഒത്താശയും പ്രതി ചെയ്തു കൊടുത്തു. ഓട്ടോക്കാരൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്കൂൾ അദ്ധ്യാപിക വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡനത്തിൻ്റെ വിവരം വെളുപ്പെടുത്തിയത്. തുടർന്ന് അദ്ധ്യാപകരാണ് പോലീസിനെ വിവരം അറിയിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹനാണ് കോടതിയിൽ ഹാജരായത്. ചെറുമകളുടെ പ്രായമുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലായെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. ഫോർട്ട് സിഐയായിരുന്ന എസ്. വൈ. സുരേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകൾ ഹാജരാക്കി. പിഴ തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധി ന്യായത്തിൽ പറയുന്നു.

Related Articles

Latest Articles