Saturday, May 18, 2024
spot_img

വഴിയിൽ വച്ച് കയ്യിൽ കയറി പിടിച്ചു; ശരീരത്തോട് ചേർത്ത് നിർത്താൻ ശ്രമിച്ചു; ലൈംഗിക പീഡന പരാതിയിൽ സിവികിന്റെ മുൻകൂർ ജാമ്യാപേക്ഷ ഓഗസ്റ്റ് പത്തിലേക്ക് മാറ്റി

കോഴിക്കോട്: പീഡന കേസിൽ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ കോടതി മാറ്റി. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലാണ് സിവിക് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നത്. ഈ മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഇന്ന് വരെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ യുവ എഴുത്തുകാരിയാണ് പരാതിക്കാരി. കേസിൽ ഇതുവരെ പൊലീസ് റിപ്പോർട്ട് നൽകിയിട്ടില്ല.

സിവിക് ചന്ദ്രനെതിരായ ആദ്യത്തെ ലൈംഗിക പീഡനക്കേസില്‍ കോഴിക്കോട് ജില്ലാ കോടതി ഇന്നലെ മുന്‍ കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്ക് മതിയായ തെളിവുകൾ ഹാജരാക്കാനായില്ലെന്നും പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചതായി പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാനാണ് അതിജീവിതയുടെ നീക്കം.

ദളിതര്‍ക്ക് വേണ്ടി പൊതുസമൂഹത്തില്‍ സംസാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും, പ്രതിയ്ക്ക് മുൻകൂർജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. എന്നാല്‍ പ്രായവും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സിവിക് ചന്ദ്രന്റെ വാദം. വടകര ഡി വൈ എസ് പി യാണ് കേസ് അന്വേഷണം നടത്തിയത്.

അതേസമയം, ലൈംഗിക പീഡന പരാതിയിൽ പൊലീസ് മെല്ലപ്പോക്ക് നടത്തുന്നുവെന്ന വിമർശനം വ്യാപകമാണ്. ‘വുമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് ‘ പേജിലാണ് തന്നോട് സിവിക് ചന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയത് വിശദീകരിച്ച് യുവതി രംഗത്തെത്തിയത്. ഒരു സൗഹൃദ സദസ്സിന് ശേഷം, വഴിയിൽ വച്ച് കയ്യിൽ കയറി പിടിക്കുകയും ശരീരത്തോട് ചേർത്ത് നിർത്താൻ ശ്രമിക്കുകയും ചെയ്തെന്നും, മോശമായി പെരുമാറിയെന്നുമാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ.

Related Articles

Latest Articles