Monday, May 20, 2024
spot_img

ഭർതൃസഹോദരനെതിരായ ലൈംഗിക പീഡനപരാതി; ഭർതൃ വീട്ടുകാരുടെ സ്വാധീനത്താൽ പോലീസ് കേസെടുക്കാന്‍ തയാറാകുന്നില്ലെന്ന ആരോപണവുമായി 21കാരിയായ പരാതിക്കാരി

കോഴിക്കോട് : ഭർതൃസഹോദരനെതിരായ ലൈംഗിക പീഡനപരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയാറാകുന്നില്ലെന്ന ആരോപണവുമായി 21കാരിയായ പരാതിക്കാരി രംഗത്ത്. മലപ്പുറം വാഴക്കാട് പോലീസ് സ്റ്റേഷനാണ് അതിജീവിതയോട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. എന്നാല്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലിസ് വാദം.

‘ഭർത്താവ് ഗൾഫിൽ പോയി ഒരാഴ്ച കഴിഞ്ഞാണ് അയാൾ മോശമായി പെരുമാറാൻ തുടങ്ങിയത്. ഉമ്മ കാൻസർ രോഗിയാണ്. ഉമ്മ ആശുപത്രിയിൽ പോയ ഒരു ദിവസം അയാൾ എന്നെ കയറി പിടിച്ചു. ഞാൻ തള്ളി മാറ്റിയപ്പോൾ അയാൾ പോയി. എന്നാൽ വീണ്ടും ഇത് ആവർത്തിക്കാൻ തുടങ്ങി. ഒരു ദിവസം കട്ടിലിലേക്ക് തള്ളിയിട്ട് ഉപദ്രവിക്കാൻ നോക്കിയപ്പോൾ കാലു കൊണ്ട് ചവിട്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്’– യുവതി പറ‍ഞ്ഞു.

ഭർതൃ സഹോദരന്റെ ഉപദ്രവത്തെപ്പറ്റി ഭർതൃ വീട്ടിൽ പറഞ്ഞപ്പോൾ തന്നെ കള്ളിയാക്കാനാണ് നോക്കിയതെന്നും സ്വർണത്തിന്റെ പേരിൽ ഉൾപ്പെടെ തന്നെ ഭർതൃ വീട്ടുകാർ ഉപദ്രവിച്ചിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു. “ഉപദ്രവം സഹിക്കവയ്യാതായതോടെ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇവര് തല്ലിയത് ഞാൻ വാഴക്കാട് എസ്ഐയെ വിളിച്ച് പറഞ്ഞു. എന്നാൽ എസ്ഐയ്ക്ക് വീട്ടിലേക്ക് വന്ന് അന്വേഷിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. പൊലീസ് ജീപ്പും വനിത പോലീസും അവിടെയില്ലെന്നാണ് പറഞ്ഞത്. പിന്നീട് രണ്ടു തവണ പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും എസ്ഐയെ കാണാനായില്ല. മൂന്നാമത് പോയി കണ്ട് പരാതി നൽകിയെങ്കിലും എസ്ഐ അത് ഗൗരവത്തിലെടുത്തില്ല.
ഞാൻ പറയുന്നതൊന്നും അവർ കേൾക്കുന്നുണ്ടായിരുന്നില്ല. നിന്റെ ഭാവി പോകും ഒത്തുതീർപ്പാക്കാം, ഇതൊക്കെ അഞ്ചു കൊല്ലമെടുക്കുമെന്നാണ് അവർ പറഞ്ഞത്. കൂടെയുണ്ടായിരുന്ന ഉപ്പയോടെ എന്നെ കേസിൽ കുടുക്കി അകത്തിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി”– യുവതി പറഞ്ഞു.

വാഴക്കാട് പൊലീസ് പരാതിയിൽ കേസെടുക്കാൻ തയ്യാറാകാത്തതിനാൽ എസ്പിക്ക് പരാതി നൽകി. എന്നിട്ടും നടപടി ഉണ്ടായില്ല. പിന്നീട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും പെൺകുട്ടി പറഞ്ഞു . പെൺകുട്ടിയുടെ മൊഴിയും അവരുടെ അമ്മയുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുള്ളതിനാലാണ് കേസ് രജിസ്റ്റർ ചെയ്യാത്തത് എന്നാണ് വാഴക്കാട് പോലീസ് പറയുന്നത്. എന്നാൽ ഭർതൃ വീട്ടുകാർ പോലീസിനെ സ്വാധീനിച്ചുവെന്നാണ് പെൺകുട്ടി ആരോപിക്കുന്നത്.

Related Articles

Latest Articles