Tuesday, May 14, 2024
spot_img

ഗവർണർക്കെതിരായ എസ്എഫ്ഐ അതിക്രമം !പോലീസിന് ബോധപൂർവ്വമായ ഒരു സുരക്ഷ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ട്

തലസ്ഥാനത്ത് ഗവർണറുടെ വാഹന വ്യൂഹത്തിന് നേരെയുള്ള എസ്എഫ്ഐ അതിക്രമത്തിൽ പോലീസിന് ബോധപൂർവ്വമായ ഒരു സുരക്ഷ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകാൻ സാധ്യതയുള്ള എല്ലാ റൂട്ടിലും പോലീസ് സുരക്ഷ ഒരുക്കിയിരുന്നതായും എന്നാൽ അപ്രതീക്ഷിതമായി ജനക്കൂട്ടത്തിനിടയിൽ നിന്ന് എസ്എഫ്ഐക്കാർ പൈലറ്റ് വാഹനത്തിന്റെ മുന്നിൽ ചാടി വീഴുകയായിരുന്നുവെന്നും ഡിജിപി ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേസിൽ 7 പ്രതികൾ ഇപ്പോഴും റിമാൻഡിലാണ്. ഡിജിപിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ചീഫ് സെക്രട്ടറി ഗവർണ്ണർ ആവശ്യപ്പെട്ട വിശദീകരണം നൽകുക.

ദില്ലിയിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ഇക്കഴിഞ്ഞ പതിനൊന്നാം തീയതി രാത്രിയായിരുന്നു തിരുവനന്തപുരത്ത് മൂന്നിടത്ത് വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഗവർണറുടെ കാറിന്റെ ചില്ലിൽ പ്രവർത്തകർ ആഞ്ഞിടിച്ചതോടെ ഗവർണർ പുറത്തിറങ്ങി. തന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകിയെന്നു ഗവർണർ തുറന്നടിച്ചു. സംഭവത്തിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗവർണർ പുറത്തിറങ്ങിയോടെ എസ്എഫ്ഐ പ്രവർത്തകർ ഓടി ഒളിച്ചു. അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇതാണോ എനിക്കായി ഒരുക്കുന്ന സുരക്ഷയെന്നും അദ്ദേഹം തുറന്നടിച്ചു.

സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നിസ്സാര വകുപ്പുകളാണ് പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്നത്. ഇതില്‍ ഗവര്‍ണര്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കെതിരെ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്

അതിക്രമത്തിൽ ഗവർണർ സഞ്ചരിച്ച കാറിന്റെ പുറകിലുള്ള ഗ്ലാസിനു കേടുപാട് സംഭവിച്ച് 76,357 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് രാജ്ഭവൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് രാജ്ഭവനിൽനിന്ന് ഹാജരാക്കിയ സർട്ടിഫിക്കറ്റ് പൊലീസ് റിമാൻഡ് റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നു.

Related Articles

Latest Articles