തിരുവനന്തപുരം: പോലീസ് നോക്കിനിൽക്കെ എസ്എഫ്ഐക്കാർ കൂട്ടം ചേർന്ന് വലിച്ചിഴച്ചതായി ആരോപണവുമായി പരിക്കേറ്റ കെഎസ് യു വിദ്യാർത്ഥികൾ(SFI Attack In Law College). എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടം ചേർന്ന് വലിച്ചിഴച്ചു ക്രൂരമായി മർദിച്ചെന്നും, പോലീസ് നോക്കിനിന്നെന്നും തിരുവനന്തപുരം ലോ കോളജിൽ ആക്രമണത്തിനിരയായ കെഎസ്‍യു പ്രവർത്തക സഫ്ന മാധ്യമങ്ങളോട് പറഞ്ഞു.
കോളേജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മർദനത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ 2 കേസുകളും, എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പേരിൽ ഒരു കേസുമാണ് പോലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. അതേസമയം ലോ കോളേജിൽ ഇന്നലെ കൂട്ടം ചേർന്നുണ്ടായ ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തിൽ നിന്നല്ലെന്നും കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് കൂടിയായ സഫ്ന പറഞ്ഞു.
അതേസമയം ലോ കോളേജിൽ യൂണിയന്റെ ഉദ്ഘാടനത്തിനിടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഇന്നലെ സംഘർഷമുണ്ടായത്. ഉദ്ഘാടനത്തിനിടെയുണ്ടായ വാക്കുതര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും കെഎസ് യു-എസ്എഫ്‌ഐ പ്രവർത്തകർക്കിടയിൽ വാക്കുതർക്കമുണ്ടായിരുന്നു.

