Sunday, October 4, 2026

വിദ്യാർത്ഥി സംഘടനയോ, അതോ ഗുണ്ടാസംഘമോ? കാറില്‍ എസ്എഫ്ഐ നേതാവിന്‍റെ ബൈക്കിടിച്ചു; ചോദ്യംചെയ്ത എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും നേതാവിന്‍റെ മർദ്ദനം

കഴക്കൂട്ടം: എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും എസ്എഫ്ഐ നേതാവിന്‍റെ മർദ്ദനം(SFI Leader Attacked Father And Son ). തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. വാഹനം തട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും എസ്എഫ്ഐ നേതാവിന്‍റെ മർദ്ദനമേൽക്കേണ്ടി വന്നത്.

കഴക്കൂട്ടം സ്വദേശിയായ ആദിത്യക്കും അച്ഛൻ മനു മാധവനുമാണ് മർദ്ദനമേറ്റത്. എസ്എഫ്ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ആദർശിനെതിരെ ഇവര്‍ കഴക്കൂട്ടം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിൽ നിന്നും കഴക്കൂട്ടത്തെ ഫ്ലാറ്റിലേക്ക് ആദിത്യ സഞ്ചരിച്ച കാറിന് പിന്നിലായി എസ്എഫ്ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ആദർശിന്‍റെ ബൈക്കിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതേചൊല്ലി ഇരുവരും തമ്മില്‍ തർക്കമായി.

ആദിത്യന്‍റെ അച്ഛൻ മനു മാധവനും ഇതിനോടകം സ്ഥലത്തെത്തി. ബൈക്ക് യാത്രക്കാരന്‍റെ പേരു ചോദിച്ചതോടെ ആദര്‍ശ് ഇവരോട് തട്ടിക്കയറി. വാക്കുതർക്കത്തിന് ശേഷം പോയ ആദർശ് മറ്റ് ചിലരെയും കൂട്ടിവന്നുവെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഇതിനുശേഷമാണ് കൈയിലിരുന്ന താക്കോൽ കൊണ്ട് അച്ഛനെയും മകനെയും ആക്രമിച്ചത്. പരിക്കേറ്റ മനുവും മകൻ ആദിത്യനും ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷം നടന്നപ്പോള്‍ തന്നെ കഴക്കട്ടം പോലീസിനെ വിവരമറിയിച്ചിരുന്നതായി ടെക്നോ പോർക്കിലെ ഐടി ജീവനക്കാരനായ മനു പറയുന്നു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ നടുറോഡിൽ ആക്രമിച്ച കേസിലെ പ്രതിയാണ് ആദർശ്. ഇതേ തുടർന്ന് കഴക്കൂട്ടം ഏരിയ പ്രസിഡൻറ് സ്ഥാനത്തു നിന്നും ആദർശിനെ മാറ്റിയിരുന്നു. എന്നാൽ ഇന്നലെ തലസ്ഥാനത്ത് എസ്എഫ്‌ഐ-കെഎസ് യു സംഘർഷവുമുണ്ടായിരുന്നു. ലോ കോളേജിൽ നടന്ന സംഭവത്തിൽ കോളേജിലെ വിദ്യാർത്ഥിനിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും മറ്റൊരു പരാതി കൂടി എസ്എഫ്ഐയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത്.

Related Articles

Latest Articles