ആഢംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ആര്യന്‍ ഖാനെ(Aryan Khan) കാണാന്‍ പിതാവും ബോളിവുഡ്(bollywood) സൂപ്പര്‍സ്റ്റാറുമായ ഷാരൂഖ് ഖാന്‍(shah rukh khan) ആര്‍തര്‍ റോഡ് ജയിലിലെത്തി. ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. അറസ്റ്റിലായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ മകന്‍ ആര്യന്‍ ഖാനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലെത്തി കാണുന്നത്.
അതേസമയം ആര്യൻ ലഹരി മരുന്ന് ഇടപാട് നടത്തിയതിന് വാട്സാപ്പ് ചാറ്റുകൾ കോടതി തെളിവായി പരിഗണിച്ചു. ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആര്യൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ആര്യൻ ഖാന് പുറമെ മറ്റ് രണ്ട് പ്രതികളും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇതിനോടകം 18 ദിവസം ജയിലില്‍ കഴിഞ്ഞു.
ഈ മാസം മൂന്നിന് പുലര്‍ച്ചെയാണ് മുംബൈയില്‍ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. തുടർന്ന് ഒക്ടോബർ 8നാണ് ആര്യൻ അറസ്റ്റിലായത്. ആര്യൻ നിലവിൽ ആർതർ റോഡ് ജയിലിലാണ്.
കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനടക്കം 20 പേരെയാണ് എന്‍.സി.ബി അറസ്റ്റ് ചെയ്തത്. ആര്യന് ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിന്നീട് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്യന്‍റെ വാട്സാപ്പ് ചാറ്റുകള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എന്‍.സി.ബി വാദിച്ചത്. ഇതോടെയാണ് നേരത്തെ ആര്യന് ജാമ്യം നിഷേധിക്കപ്പെട്ടത്. ആര്യന്‍റെ സുഹൃത്തുക്കളായ അര്‍ബാസ് സേഥ് മര്‍ച്ചന്‍റില്‍ നിന്ന് ആറ് ഗ്രാം ചരസും മുണ്‍മുണ്‍ ധമേച്ചയില്‍ നിന്ന് അഞ്ച് ഗ്രാം ചരസും പിടികൂടിയിരുന്നു.

