Thursday, May 16, 2024
spot_img

അവസാനകവിത കൈമടക്കിൽ സൂക്ഷിച്ച് മാഞ്ഞുപോയ സാഹിത്യ വസന്തം ‘എ. അയ്യപ്പന്‍’; ഒരിക്കലും മറക്കില്ല ഒരു മലയാളിയും, ഈ തെരുവിന്റെ വെളിച്ചപ്പാടിനെ…

‘കരളുപങ്കിടാൻ വയ്യെന്റെ പ്രണയമേ, പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ…’ ഈ വരികൾ ഓർമയില്ലേ? അതെഴുതിയ കവി ഇന്ന് ഓർമ മാത്രമാണ്. മലയാളിക്ക് അത്ര വേഗം മായ്ച്ചു കളയാൻ പറ്റാത്ത പേരാണ് എ. അയ്യപ്പൻ (A.Ayyappan). കവിതക്ക് പുറത്ത് കവിതയില്ലാത്ത മലയാളിയുടെ സാമാന്യ കവി ധാരണകളെ തെരുവില്‍ പിച്ചിച്ചീന്തിയ കാലഘട്ടത്തിന്റെ കവി ജീവിതമാണ് അദ്ദേഹത്തിന്റേത്. ഭാഷാ ശൈലിയിലും അവതരണത്തിലും മലയാള കവിതയ്ക്ക് പുതിയ ഭാവുകത്വം സമ്മാനിച്ച എ അയ്യപ്പൻ ഓർമ്മായിട്ട് 11 വർഷം തികയുന്നു.

കവിതക്ക് പുറത്തും കവിതയായി തന്നെ ഉറച്ച് നിന്ന മഹാപ്രതിഭയുടെ കവിത വറ്റിയ ദിനം. വരാനിരിക്കുന്ന ഭവിഷത്തുകളെ മുന്‍കൂട്ടി പറയുന്ന ദൈവത്തിന്റെ പ്രതി പുരുഷനാണ് വെളിച്ചപ്പാടെങ്കില്‍,വരാനിരിക്കുന്ന കാലത്തെ വെല്ലുവിളിച്ചുകൊണ്ടേയിരുന്ന അക്ഷരങ്ങള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത മനുഷ്യ രൂപമായിരുന്നു അയ്യപ്പന്‍. നിഷേധി, അരാജകവാദി, തെരുവിന്റെ കവി എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ടായിരുന്നു എ അയ്യപ്പന്. 2010 ലെ ആശാൻ പുരസ്‌കാരം ഏറ്റുവാങ്ങാൻ ചെന്നൈയിലേക്ക് പുറപ്പെടാനിരുന്നതാണ് അയ്യപ്പൻ. ഒക്ടോബർ 21ന് തിരുവനന്തപുരം തമ്പാനൂരിൽ അബോധാവസ്ഥയിൽ കാണപ്പെട്ട അജ്ഞാതനെ പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരണത്തോടൊപ്പം അജ്ഞാതൻ ആരെന്നും സ്ഥിരീകരിച്ചു. ആരോടും പറയാതെ, പ്രിയകവി എ. അയ്യപ്പൻ തെരുവിറങ്ങി പോയി.

ആദ്യകാല ജീവിതം

1949 ഒക്ടോബർ 27ന് ബാലരാമപുരത്താണ് എ അയ്യപ്പന്റെ ജനനം. എ അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസിൽ അമ്മയും. കാലം അത്രമേൽ അനാഥമാക്കിയത് കൊണ്ടാവാം, തെരുവിന്റെ ആകാശക്കൂരക്ക് കീഴിൽ, ജീവിച്ച കാലഘട്ടത്തെ എ അയ്യപ്പൻ അക്ഷരങ്ങൾകൊണ്ട് വെല്ലുവിളിച്ചുകൊണ്ടേയിരുന്നു. കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിൻകുട്ടിയും, ബലിക്കുറുപ്പുകൾ, പ്രവാസിയുടെ ഗീതം, വെയിൽ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിത്തരോഗ ആസ്പത്രിയിലെ ദിനങ്ങൾ, ഓർമക്കുറിപ്പുസമാഹാരമായി തെറ്റിയോടുന്ന സെക്കന്റ് സൂചി. അനാഥനായി അലഞ്ഞുതീർത്ത ആ ജീവിതം സനാഥനായ കൃതികൾ ഇരുപതോളം വരും.

യാത്ര പറഞ്ഞിട്ട് പതിറ്റാണ്ടുപിന്നിട്ടെങ്കിലും കേരളത്തിലെ തെരുവുകൾ എ. അയ്യപ്പനെ തിരയുകയാണ്. സ്വപ്‌നംപോലെ സ്വതന്ത്രമായിരുന്ന ആ ജീവിതം കവിതകളിൽ ബാക്കിവച്ച വിടവുകളും വിരാമങ്ങളും അവർ പൂരിപ്പിച്ചെടുക്കുന്നു. സാധാരണവാക്കുകളെപ്പോലും രഹസ്യങ്ങൾ നിറഞ്ഞ മുത്തുച്ചിപ്പികളാക്കി മാറ്റുന്ന ആ കാവ്യഭംഗിയോർത്ത് അവർ ആശ്ചര്യപ്പെടുകയാണ്.

അവസാന കവിത

പല്ല്

അമ്പ് ഏതു നിമിഷവും

മുതുകിൽ തറയ്ക്കാം

പ്രാണനും കൊണ്ട് ഓടുകയാണ്

വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും

എന്റെ രുചിയോർത്ത്

അഞ്ചെട്ടു പേർ

കൊതിയോടെ

ഒരു മരവും മറ തന്നില്ല

ഒരു പാറയുടെ വാതിൽ തുറന്ന്

ഒരു ഗർജ്ജനം സ്വീകരിച്ചു

അവന്റെ വായ്‌ക്ക് ഞാനിരയായി

ചെന്നൈയിൽ വച്ച് ആശാൻ പുരസ്കാരം ലഭിക്കുന്ന വേളയിൽ അവതരിപ്പിക്കുവാൻ വേണ്ടി എഴുതി ഷർട്ടിന്റെ കൈമടക്കിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് ഈ കവിത. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന കവിത.

Related Articles

Latest Articles