ദില്ലി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കിര്‍ഗിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന്‍ വഴിയുള്ള വ്യോമ പാത ഉപയോഗിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പകരം ഒമാന്‍, ഇറാന്‍, മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ വഴിയായിരിക്കും പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലെത്തുക. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് പ്രധാനമന്ത്രിക്കായി വ്യോമയാന പാത തുറക്കാമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു.
ബാലാക്കോട്ട് പ്രത്യാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റ ശേഷം ആദ്യമായി പങ്കെടുക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയാണിത്. കിര്‍ഗിസ്ഥാനില്‍ ജൂണ്‍ 13 മുതല്‍ 14 വരെയാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടി നടക്കുക.

