Tuesday, May 14, 2024
spot_img

വിഴിഞ്ഞം ഒരു കണ്ണുനീരാകുന്നു | മുഹമ്മദ് റിയാസ് കുരുക്കിൽ ശംഖുമുഖം എയർപോർട്ട് റോഡ് നിർമ്മാണത്തിലും അഴിമതി

ഒരു ഭരണാധികാരിയുടെ ദീർഘ വീക്ഷണം ഇല്ലായ്മയും താൻ പോരിമയും എങ്ങനെ ഒരു നാടിന്റെ ശാപമാകുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകൾ ആണ് ഇത് രണ്ടും.

വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ പോർട്ട്‌ പദ്ധതിയുടെ ബാക്കിയിരുപ്പാണ് ഈ ചിത്രങ്ങൾ. ആ നിരയിലേക്ക് വരാനുള്ള മറ്റൊരു പദ്ധതി മാത്രമാണ് സിൽവർ ലൈൻ എന്ന് ഉത്തമ ബോധ്യം ഉണ്ടായത് കൊണ്ടാണ് അതിനെയും എതിർക്കുന്നത്.

ഇന്നത്തെ രണ്ട് വാർത്തകൾ ആണ് ചിത്രങ്ങൾ കാണിച്ചു തരുന്നത്. ഒന്ന് ന്യൂസ്‌ ഫോട്ടോഗ്രാഫർ ആയ പ്രിയ സുഹൃത്ത് കെ ബി ജയചന്ദ്രൻ പകർത്തിയ കണ്ണീർ ചിത്രം. വലിയതുറയിൽ കടൽ ക്ഷോഭത്തിൽ സ്വന്തം വീട് നഷ്ടപ്പെടുന്നതിന്റെ ആധിയിൽ കണ്ണീർ പ്പൊഴിച്ചു നിൽക്കുന്ന വീട്ടമ്മയുടെ ചിത്രം. ഇനിയും ഇത്തരത്തിൽ എത്രയെത്ര കാഴ്ചകൾ വരും ദിവസങ്ങളിൽ നാം കാണേണ്ടി വരും.

മുൻഗണന ക്രമത്തിൽ യാതൊരു കാരണവശാലും പെടുത്താൻ പറ്റാത്ത ആശാസ്ത്രീയവും സാങ്കേതിക തികവില്ലാത്തതും, അനാവശ്യവുമായ പദ്ധതികൾ, ഓരോ കാലത്തേയും സർക്കാരുകളുടെ സ്വപ്ന പദ്ധതികൾ ആയി മാറ്റപ്പെടുന്നതും പിന്നീട് അവ എങ്ങനെ ഒരു നാടിന്റെ ശാപമാകുന്നു എന്നും ജനങ്ങളുടെ ജീവിതത്തെ ഇത്തരം ആശാസ്ത്രീയ, ദീർഘ വീക്ഷണം ഇല്ലാത്ത പദ്ധതികൾ കൂടുതൽ ദുരിത പൂർണ്ണമാക്കുന്നു എന്നും കാണിച്ചു തരുന്ന വികസനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി പട്ടികയിലേക്ക് ഒരാൾ അല്ല ഒരു കുടുംബം കൂടി കൂട്ടിച്ചേർക്കുന്നതാണ് ജയന്റെ വാർത്ത ചിത്രം

രണ്ടാമത്തെ ചിത്രം കഴിഞ്ഞ മൂന്നു നാല് കൊല്ലം കൊണ്ടു കടലെടുത്തു തകർന്ന, വലിയതുറക്ക് തൊട്ടടുത്തു തന്നെയുള്ള ശംഖ്‌മുഖം – എയർപോർട്ട് റോഡ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചു മൂന്ന് മാസം പോലും തികയുന്നതിനു മുൻപേ തകർന്ന കാഴ്ച്ചയുടെ ചിത്രം. എന്തൊക്കെയായിരുന്നു അവകാശ വാദങ്ങൾ. ഡയഫ്രം വാൾ, സോയിൽ പൈപ്പിങ്, ഉരലുങ്കലിന്റെ ലോകോത്തര നിർമ്മിതി… “പവനായി ശവമായി” എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്ന ചിത്രം.

വിഴിഞ്ഞം പദ്ധതി എന്ത് വിലകൊടുത്തും നടപ്പിലാക്കും എന്ന ഒറ്റയാൾ തീരുമാനം ഒരു നാടിനെ മൊത്തത്തിൽ എങ്ങനെ ദുരിതത്തിൽ ആക്കും എന്നതിന്റെ രണ്ട് നേർ സാക്ഷ്യങ്ങൾ ആണ് ഈ രണ്ട് ചിത്രങ്ങൾ.

കേരളം കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായിട്ടും അയാൾ എങ്ങനെ ഒരു പരാജയം ആകുന്നു എന്നതിന് ഇനിയും ഉദാഹരണങ്ങൾ ചൂണ്ടി കാണിക്കാനാകും. ഒരു നല്ല രാഷ്ട്രീയ നേതാവ് ഒരു നല്ല ഭരണാധികാരി ആവില്ല എന്നതിന്റെ ഇതിലും വലിയ തെളിവില്ല.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിക്കെതിരെ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ച ഇന്നത്തെ മുഖ്യമന്ത്രി, അധികാരത്തിൽ ഏറി 6 വർഷം കഴിഞ്ഞിട്ടും എന്ത് കൊണ്ടു ആ കരാർ പുനപരിശോധിക്കാൻ തയ്യാറായത് പോലുമില്ല എന്ന യാഥാർഥ്യം / സത്യം മറക്കുന്നില്ല.

രാഷ്ട്രീയവും ഭരണവും രണ്ടാണെന്നു മനസ്സിലാക്കാൻ ഇപ്പോഴത്തെ സർക്കാരും കുറെയേറെ സാക്ഷ്യങ്ങൾ നമുക്ക് തരുന്നുണ്ടല്ലോ?

വിഴിഞ്ഞം പോർട്ട്‌ പ്രൊജക്റ്റ്‌ നിർമ്മാണം തുടരുകയാണ്. അത് എന്ന് പൂർത്തിയാക്കാനാകും എന്ന് ആർക്കെങ്കിലും പറയാനാകുമോ എന്നും എനിക്കറിയില്ല. ഈ മഴക്കാലം കഴിയുമ്പോൾ അദാനി നിർമ്മിച്ച എന്തൊക്കെ ബാക്കിയാകും എന്നറിഞ്ഞിട്ട് ബാക്കി പറയാം.

എന്നാലും ഒരു കാര്യം തുറന്നു പറയുമ്പോൾ എന്നെ കൂടുതൽ വികസന വിരോധിയാക്കിയാലും കുഴപ്പമില്ല… പറയാതിരിക്കാൻ ആവില്ല. വിഴിഞ്ഞം പദ്ധതി നിർമ്മാണം ഇനിയും അനിശ്ചിതമായി തുടരും. ബ്രേക്ക്‌ വാട്ടറിന്റെ പണി ഒരുവിധം മുഴുമിപ്പിച്ചാൽ പോലും അത് കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം ആകില്ല. ശ്രീലങ്കയിലെ അനിശ്ചിതത്വവും സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങൾ ഒന്നും നമുക്ക് ഗുണപ്രദമാകില്ല. അദാനിക്ക് വിഴിഞ്ഞത്തെക്കാൾ സേഫ് ആയ നിരവധി ഓപ്ഷൻസ് ഇപ്പോൾ തന്നെ ലഭ്യമാണ്. പിന്നെ വേറൊരു എതിരാളി ഉണ്ടാവില്ല എന്നത് മാത്രമാണ് വിഴിഞ്ഞം കരാറിലൂടെ ഉറപ്പിച്ചത് എന്ന് മനസ്സിലാക്കാൻ വലിയ പാണ്ഡിത്യം ഒന്നും ആവശ്യമില്ല.

ഇതിലെല്ലാമുപരി, ഒരു കാര്യം ഉറപ്പിക്കാം. ഈ കാലവർഷം കഴിയുമ്പോഴേക്കും വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതത്തിലേക്കും കണ്ണീരിലേക്കും കൊണ്ടു ചെന്നെത്തിക്കും. ഇപ്പോൾ തന്നെ വിഴിഞ്ഞം ഫിഷിങ് ഹാർബറിൽ നിന്നും ബോട്ടുകൾക്ക് പുറത്തിറങ്ങാനും കയറാനും അലയടിക്കുന്ന വലിയ തിരമാലകൾ തടസ്സമാണ്. വിഴിഞ്ഞം പോർട്ടിന്റെ ബ്രേക്ക്‌ വാട്ടർ മതിലിന്റെ പണി പുരോഗമിക്കും തോറും ആ തിരതള്ളൽ കൂടി കൊണ്ടിരിക്കും. അത് അവരുടെ തൊഴിലിടത്തെ ഇനിയുള്ള നാളുകളിൽ കൂടുതൽ ദുസ്സഹമാകും.

രണ്ടാമത്തെ കാര്യവും പോർട്ട്‌ നിർമ്മാണത്തിന്റെ ഭാഗമാണ്. കടൽ തുരന്നു അവിടെ നിന്നും ലഭിക്കുന്ന മണ്ണും മണലും ഉപയോഗിച്ച് പോർട്ടിനാവശ്യമായ സ്ഥലം നികത്തി എടുക്കാൻ തുടങ്ങിയതോടെ വിഴിഞ്ഞത്തിനു വടക്കുഭാഗത്തെ തീരം കൂടുതൽ ശോഷിച്ചു തുടങ്ങി.
ഡ്രെഡ്ജിങ് പൂർത്തിയായിട്ടില്ല എന്ന് കൂടി അറിയുക. വരും നാളുകളിൽ കടലാക്രമണത്തിന്റെ ശക്തി കൂടി കൊണ്ടേയിരിക്കും. ഒരേ സമയം മനുഷ്യ നിർമ്മിതമായ കാരണവും ഒപ്പം ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ചേർന്നുള്ള കടലിന്റെ മാറ്റവും ഇനിയുള്ള നാളുകളിൽ വലിയതുറ മുതൽ വേളി വരെയുള്ള തീരത്ത് ജീവിക്കുന്ന മത്സ്യ തൊഴിലാളി ഗ്രാമങ്ങളെയും ആളുകളെയും കൂടുതൽ രൂക്ഷമായി ബാധിക്കും. പ്രത്യേകിച്ചും ഡയഫ്രം വാൾ നിർമ്മാണത്തിന്റെ ആഘാതം കൂടി വെട്ടുകാട് മുതലുള്ള തീരത്തുള്ളവർ അഭിമുഖീകരിക്കേണ്ടി വരും.
ശംഖ്‌മുഖം കൊട്ടാരവും കൽമണ്ഡപവും
വെട്ടുകാട് പള്ളി പോലും സുരക്ഷിതമല്ല. വേളി ടൂറിസ്റ്റ് വില്ലേജിന്റെ പ്രധാന ആകർഷണം ആയ വേളി ബീച്ച് ഇനിയെത്ര കാലം കൂടി ബാക്കിയുണ്ടാകും എന്നറിയില്ല. കൂടിയാൽ രണ്ടോ മൂന്നോ വർഷം കൂടി പിടിച്ചു നിൽക്കാൻ ആകുമായിരിക്കും.

ഓരോ വർഷവും ദുരിതാശ്വാസ ക്യാമ്പുകളും നഷ്ടപരിഹാരവും പുനർ നിർമ്മിതിക്കും ഒക്കെയായി കോടികൾ ചെലവഴിക്കെണ്ടുന്ന അവസ്ഥ ഇന്നത്തെ കേരളത്തിന്റെ ഖജനാവിന്റെ സ്ഥിതി വെച്ചു നോക്കുമ്പോൾ കൂടുതൽ ആശങ്കക്ക് വക നൽകുന്നു.

വെറും ഊഹകണക്കുകളിൽ മാത്രം ഉരുതിരിഞ്ഞ രണ്ട് സ്വപ്ന പദ്ധതികൾ ആണ് വിഴിഞ്ഞം പോർട്ടും ഇപ്പോൾ സിൽവർ ലൈനും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അതുകൊണ്ട് തന്നെ രണ്ടിനും ആയുസ്സില്ല.

വികസനം വിനാശകരമാകുമ്പോൾ സംഭവിക്കുന്നത് എങ്ങനെയൊക്കെയാണെന്ന് പഠിക്കാൻ ഗവേഷകർക്കും സാമൂഹിക, സാമ്പത്തിക ശാസ്ത്രഞ്ജർക്കും ഇനി തലസ്ഥാനത്തേക്ക് വരാം. അപ്പോൾ അതും നമുക്ക് ആഘോഷമാക്കാം. ഡിസാസ്റ്റർ ടൂറിസം മോഡൽ പരീക്ഷിക്കാം.

അസ്ഥാനത്തു ആലു മുളച്ചാലും ആഘോഷിക്കുന്ന കടന്നൽ കൂട്ടങ്ങൾക്ക് ക്യാപ്സുളുകൾ റെഡി ആക്കാൻ അതും സുവർണ്ണാവസരം ആക്കാം

Related Articles

Latest Articles