മുംബൈ- കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ നേടാന്‍ പരിശ്രമിച്ച് പരാജയപ്പെടുന്നതിനിടയില്‍ പാക്കിസ്ഥാന് അനുകൂലമായി ഇന്ത്യയില്‍ നിന്ന് പ്രമുഖ നേതാവിന്‍റെ പ്രതികരണം. എന്‍.സി.പി നേതാവും പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖ വ്യക്തിത്വവുമായ ശരത് പവാറാണ് പാക്കിസ്ഥാനെ പുകഴ്ത്തി രംഗത്തെത്തിയത്.
പാക്കിസ്ഥാനെതിരെ ബി.ജെ.പി നയിക്കുന്ന സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും ശരത് പവാര്‍ പറയുന്നു. പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച തനിക്ക് വലിയ ആതിഥ്യമര്യാദയാണ് ലഭിച്ചതെന്നും, ബിജെപി സര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുന്നതില്‍ പാക്കിസ്ഥാനികള്‍ അസന്തുഷ്ടരാണെന്നും എന്‍സിപി നേതാവ് പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബി.ജെ.പി പാക്കിസ്ഥാനെതിരെ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.
മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ന്യൂനപക്ഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശരത് പവാര്‍.കശ്മീരിന് അമിതാധികാരം നല്‍കിയിരുന്ന 370ാം ഭരണഘടന അനുച്ഛേദം റദ്ദാക്കിയതിനെയും ശരദ് പവാര്‍ വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കമാണെന്നും താഴ്വരയില്‍ ഇത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും ശരത് പവാര്‍ പറഞ്ഞു.

