Saturday, May 18, 2024
spot_img

ഷാരോണിന്റെ അതെ അവസ്ഥ തന്നെ ഗ്രീഷ്മക്കും?? തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകള്‍…. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടായതിനാൽ മരുന്നുകളും ഗ്ലൂക്കോസും അത്യാവശ്യം: മെഡിക്കൽ കോളേജിൽ ഐസിയുവിൽ കനത്ത സുരക്ഷയൊരുക്കി പോലീസ്; ഡിസ് ചാര്‍ജ് ചെയ്യാന്‍ തയ്യാറാകാതെ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഗ്രീഷ്മയുടെ തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകള്‍. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. ടോയ്‌ലറ്റ് ക്‌ളീനറായ ലൈസോള്‍ ഉള്ളില്‍ചെന്നതിനെ തുടര്‍ന്ന് തൊണ്ടയിലും അന്നനാളത്തിലും പൊള്ളലുകളുണ്ടായതായാണ് ഡോക്ടര്‍മാരുടെവിശദീകരണം. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടുന്നതിനാല്‍ ഗ്‌ളൂക്കോസും മരുന്നുകളും വളരെ ആവശ്യമാണ്. അതിനാല്‍ ഇന്നലെയും ഗ്രീഷ്മയെ ഡിസ് ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല.

ഗ്രീഷ്മ ഐ.സി.യുവില്‍ വനിത പൊലീസുകാരുടെ കാവലിലാണ് . കസ്റ്റഡിയില്‍ ആത്മഹത്യാശ്രമം നടത്തിയതിനാല്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രീഷ്മയെ ഡിസ്ചാര്‍ജ് ചെയ്താല്‍ മാത്രമേ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങാനും രാമവര്‍മ്മന്‍ ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടപടികളും വിശദമായചോദ്യം ചെയ്യലും പൂര്‍ത്തിയാക്കാനും കഴിയുകയുള്ളൂ.

ഗ്രീഷ്മയെ മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്കു മാറ്റിയേക്കും. നിലവിൽ തെളിവുനശിപ്പിച്ച കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും കഷായത്തിൽ വിഷം കലർത്തുന്നതിന് ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഗ്രീഷ്മയെയും അമ്മ സിന്ധുവിനെയും നിർമ്മലിനെയും കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.

ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് ഉദ്ദേശിക്കുന്നത്. വീട് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷം പുതിയ തെളിവുകൾ ലഭ്യമായാൽ അമ്മാവനെയും അമ്മയെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും കൂടുതൽ വകുപ്പുകൾ ഇരുവർക്കുമെതിരെ ചുമത്താനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

Related Articles

Latest Articles