ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ്സ് നേതാവും നടനുമായ ശത്രുഘ്‌നൻ സിൻഹ രംഗത്ത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെയാണ് ശത്രുഘ്‌നൻ സിൻഹ പ്രശംസിച്ചത്. ഫ്രാൻസിൽ നടന്ന ജി7 ഉച്ചക്കോടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിനെയും സിൻഹ പ്രശംസിച്ചു.
‘സത്യം പറയുന്നത് തന്‍റെ ശീലമാണ്. രാജ്യത്തിന്‍റെ താത്പര്യത്തിനായി ആരാണ് പ്രവർത്തിക്കുന്നതെങ്കിലും അവരെ വിലമതിക്കും’ എന്നും സിൻഹ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ശ്യാമപ്രസാദ് മുഖർജിയെ പോലുളള നേതാക്കളുടെ സ്വപ്‌നമാണ് മോദി സാക്ഷാത്കരിച്ചതെന്നും സിൻഹ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപുമായുളള കൂടിക്കാഴ്ചയിൽ മോദി ചർച്ചകൾ കൈകാര്യം ചെയ്ത രീതിയെ രാജ്യം മുഴുവൻ പ്രശംസിച്ചു. പാർട്ടിയെ പരിഗണിക്കാതെ ഒരു പ്രധാനമന്ത്രി രാജ്യത്തിന്‍റെ നന്മയ്ക്കായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തെ അഭിനന്ദിക്കണമെന്നും സിന്‍ഹ വ്യക്തമാക്കി.
നേരത്തെ ബിജെപി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന നേതാവാണ് ശത്രുഘ്‌നൻ സിൻഹ. കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ശേഷം പ്രധാനമന്ത്രിക്ക് നേരെ നിരന്തരം രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്ന സിന്‍ഹ ഇപ്പോള്‍ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് മോദിയെ പ്രശംസിക്കുന്നത്.

