Thursday, May 9, 2024
spot_img

വിവാദ നായകൻ മാര്‍ ജോര്‍ജ് ആലഞ്ചേരി ചുമതലയൊഴിഞ്ഞു; എറണാകുളം അങ്കമാലി അതിരൂപതക്ക് ഇനി പുതിയ ബിഷപ്പ്

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതലയില്‍ നിന്ന് ഒഴിഞ്ഞു. അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി മണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ നിയമിതനായി. സിറോ മലബാർ സഭാ സിനഡ് സമാപന വേളയിലാണ് പ്രഖ്യാപനം. അതിരൂപതയുടെ ഭരണച്ചുമതല ഇനിമുതൽ മാർ കരിയിലിനായിരിക്കും. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയാണ് പുതിയ ആര്‍ച്ച് ബിഷപ്പിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

എറണാകുളം–അങ്കമാലി അതിരൂപതാ സ്വദേശികളും മറ്റു രൂപതകളിൽ സേവനം ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചപ്പോൾ മാർ ആന്റണി കരിയിലിനെ തിരഞ്ഞെടുക്കുകയായിരുന്നു.ബിഷപ്പ് ആന്‍റണി കരിയില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടതോടെ മാണ്ഡ്യ രൂപതയുടെ പുതിയ ബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ നിയമിച്ചു.

സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിന്‍റെ നിയന്ത്രണത്തിലാവും അതിരൂപതയുടെ ഭരണമെങ്കിലും നയപരവും അജപാലനപരവുമായ ദൗത്യങ്ങളുടെ മേൽനോട്ടം ആർച്ച് ബിഷപ് കൂടിയായ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കുതന്നെയാണ്. ഭൂമി ഇടപാട് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ ആലഞ്ചേരി ചുമതല ഒഴിയണമെന്ന് വൈദികരില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്മാരായിരുന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിനേയും ബിഷപ്പ് ജോസ് പുത്തന്‍വീട്ടിലിനേയും സസ്‌പെന്‍ഡ് ചെയ്ത് മാര്‍ ജോര്‍ജ് ആലഞ്ചേരി ചുമതല ഏറ്റെടുത്തതോടെയാണ് ഒരു വിഭാഗം രൂപത വിശ്വാസികളും വൈദികരും പരസ്യപ്രതിഷേധത്തിലേക്ക് നീങ്ങിയത്‌.

Related Articles

Latest Articles