Monday, June 17, 2024
spot_img

കേരളത്തിൽ വീണ്ടും വില്ലനായി ഷവര്‍മ! ചെങ്ങന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെങ്ങന്നൂർ: സംസ്ഥാനത്ത് വീണ്ടും വില്ലനായി ഷവര്‍മ. ഷവർമ കഴിച്ചതിനെ തുടർന്ന് അവശനിലയിലായ നാലു പേരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങന്നൂർ നഗരസഭയിലെ ഒമ്പതാം വാർഡിൽ ഇടനാട് പറമ്പിലേത്ത് പ്രദീപ് -48 , ഭാര്യ ജയലക്ഷ്മി -38 ,മക്കൾ കൈലാസ് -12 ,അക്ഷയ – 8 എന്നിവരെയാണ് വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച വൈകിട്ട് പുത്തൻകാവ് മെട്രോപോലിറ്റൻ സ്കൂളിന് എതിർവശമുള്ള ബേക്കറിയിൽ നിന്നും ആണ് പ്രദീപ് നാല് ഷവർമ വാങ്ങിയത്. രാത്രി കുടുംബാംഗങ്ങൾ ഇത് കഴിച്ചാണ് ഉറങ്ങിയത്. പുലർച്ചെ ഒരു മണിയോടെ മകന് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടു. തുടർന്ന് മകൾക്കും ഇതേ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. പിന്നീടാണ് പ്രദീപിനും ഭാര്യക്കും വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. ഛർദിച്ച് അവശയായി മയങ്ങിയ ഇവരെ സഹോദരിയും സമീപവാസികളും ചേർന്നാണ് ആശുപത്രിയിലാക്കിയത്. ഭക്ഷ്യവിഷബാധ ആണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഇത് സംബന്ധിച്ച പ്രദീപ് നഗരസഭ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഷവര്‍മ കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസം വ്യാപക പരിശോധന നടത്തിയിരുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഷവര്‍മ്മ വില്‍പന നടത്തിയ 52 കടകളില്‍ റെയ്ഡിന് പിന്നാലെ വില്‍പ്പന നിര്‍ത്തിച്ചു. 164 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ആകെ 512 കടകളിലാണ് റെയ്ഡ് നടന്നത്. 52 കടകളില്‍ വില്‍പ്പന നിര്‍ത്തിവയ്പിച്ചതിന് പുറമെ 108 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുമാണ് നല്‍കിയിരിക്കുന്നത്. പാഴ്സല്‍ നല്‍കുമ്പോള്‍ ലേബലിംഗ് നടത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടായിട്ടുണ്ട്.

Related Articles

Latest Articles