Monday, June 17, 2024
spot_img

കാഞ്ഞങ്ങാട്ട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട്: കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടക് നാപ്പോകുവിലെ പിഎ സലീമാണ് അറസ്റ്റിലായത്. ആന്ധ്രയിലെ അഡോണിയിൽ വെച്ചാണ് പ്രതി പോലീസിന്റെ പിടിയിലായത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി നൽകിയ മൊഴി. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കമ്മൽ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ പുലർച്ചെ തട്ടിക്കൊണ്ട് പോയി പ്രതി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പോലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷത്തിലേറെ നാളായി യുവാവ് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കുടകിൽ എത്തുമ്പോൾ മാതാവിന്‍റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ഇതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായില്ല.

കുടക് , മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇടക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം ചെയ്യുന്നത്. നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും ഇയാൾക്കെതിരെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്സോ കേസിലും ഇയാൾ പ്രതിയാണ്. ഇതില്‍ മൂന്ന് മാസം റിമാന്‍റിലായിരുന്നു.

ബാംഗ്ലൂരിലും ഗോവയിലും ഹോട്ടൽ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാൾ ഫോണിൽ വിളിച്ചത്. ഇതോടെ പോലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles

Latest Articles