Saturday, May 4, 2024
spot_img

ഇന്ധന വില വർധിപ്പിച്ച് ഷെഹ്ബാസ് സർക്കാർ; വിലവർധന വെളളിയാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ വരും. വിലവർധിപ്പിക്കാതെ മറ്റ് മാർഗമില്ലെന്ന് പാക് ധനമന്ത്രി

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ ഇന്ധനവിലയിൽ വൻവർധനവ് വരുത്തി ഷെഹ്ബാസ് ഷെരീഫ് സർക്കാർ. പെട്രോളിന് ലിറ്ററിന് 30 രൂപ വർധിപ്പിച്ചതോടെ 179 രൂപയാകും. പാകിസ്ഥാൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ വ്യാഴാഴ്ച ആണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ ഗണ്യമായ വർദ്ധനവ് പ്രഖ്യാപിച്ചത്. അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) അടുത്തിടെ ചരക്ക് സബ്സിഡികൾ ഒഴിവാക്കുന്നതിന് നിർദേശം നൽകിയതിന് പിന്നാലെയാണ് ഈ നീക്കം. വിലവർധന വെളളിയാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ വരും.

വൈദ്യുതി, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയുടെ വില വർധിപ്പിക്കണമെന്ന ഐഎംഎഫിന്റെ ആവശ്യം ഫെബ്രുവരിയിൽ മുൻ പിടിഐ ഭരണകൂടം ആദ്യം അംഗീകരിച്ചിരുന്നു. എന്നാൽ പിന്നീട് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മാർച്ചിൽ ഇവയ്‌ക്ക് സബ്സിഡി പ്രഖ്യാപിച്ചിരുന്നു. സർക്കാർ അതേ ക്രമീകരണം തുടരുകയായിരുന്നു. അതിനിടെയാണ് ഇന്ധന വില വർധിപ്പിക്കാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ തീരുമാനം. പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം മൂലം പണപ്പെരുപ്പം ഉയരുമെന്ന് പാകിസ്ഥാൻ ധനമന്ത്രി മിഫ്താ പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില 30 രൂപ വർധിപ്പിക്കാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ തീരുമാനം എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, നിലവിലെ ഭരണകൂടം സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡീസൽ, മണ്ണെണ്ണ, ലൈറ്റ് ഡീസൽ എന്നിവയുടെ വില 30 രൂപ വർധിപ്പിക്കാൻ ഷെരീഫ് സർക്കാർ തീരുമാനിച്ചതായി ധനമന്ത്രി മിഫ്താ ഇസ്മായിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതുക്കിയ നിരക്ക് പ്രകാരം പെട്രോളിന് 179.86 രൂപയും ഡീസലിന് 174.15 രൂപയും മണ്ണെണ്ണ 155.56 രൂപയും ലൈറ്റ് ഡീസൽ 155.56 രൂപയും ആയിരിക്കും.

ഇമ്രാൻ ഖാന്റെ സർക്കാരിനേക്കാൾ കുറഞ്ഞ വിലയ്‌ക്ക് തങ്ങൾ പഞ്ചസാര ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനിടയിൽ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ 13.2 ബില്യൺ ഡോളറിന്റെ കമ്മിയും തിരിച്ചടവ് ബാധ്യതകളും കാരണം വിദേശനാണ്യ കരുതൽ ശേഖരം കൂടുതൽ കുറയുന്നത് തടയാനാണ് പാക് സർക്കാർ ശ്രമിക്കുന്നത്.

 

Related Articles

Latest Articles