Tuesday, May 21, 2024
spot_img

മലപ്പുറത്തെ ഏഴ് വയസുകാരന്‍റെ മരണ കാരണം ‘ഷിഗല്ല’യോ…? പ്രതിരോധ പ്രവർത്തനം ശക്തമാക്കി ജില്ലാ ആരോഗ്യവകുപ്പ്

മലപ്പുറം: മലപ്പുറത്തെ ഏഴ് വയസുകാരന്‍റെ മരണ കാരണം ഷിഗല്ലയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പുത്തനത്താണിയിൽ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. മാത്രമല്ല മറ്റാര്‍ക്കും രോഗ ലക്ഷണങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

‘വയറിളക്കത്തെ തുടര്‍ന്ന് അവശനായ കുട്ടി ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വീട്ടുകാര്‍ക്കൊപ്പം കുട്ടി അടുത്തിടെ മൂന്നാറിലും കൊടൈക്കനാലിലും പോയിരുന്നു. ചില ബന്ധു വീടുകളിലും പോയിട്ടുണ്ട്. ഇവിടെ നിന്നാവാം കുട്ടിക്ക് രോഗം പിടിപെട്ടതന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. പ്രാഥമിക പരിശോധനയില്‍ രോഗം ഷിഗല്ലയെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പരിശോധന ഫലം ഇതുവരെ ആരോഗ്യ വകുപ്പിന് കിട്ടിയിട്ടില്ല. ഇതുവരെ മറ്റാര്‍ക്കും രോഗ ലക്ഷണങ്ങളില്ല’- ഡിഎംഒ ഡോ. ആര്‍ രേണുക പറഞ്ഞു.

അതേസമയം പുത്തനത്താണി, വളവന്നൂര്‍, തിരൂര്‍ മേഖലയില്‍ പ്രതിരോധ നടപടികള്‍ ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ പരിശോധനയും കര്‍ശനമാക്കി.

Related Articles

Latest Articles