Wednesday, May 15, 2024
spot_img

ആർഎസ്എസിനെ തൊട്ടു കളിക്കേണ്ട: ജാവേദ് അക്‌തറിന് ചുട്ടമറുപടിയുമായി ശിവസേന

മുംബൈ: അഫ്ഗാനിൽ നരവേട്ട നടത്തിക്കൊണ്ടിരിക്കുന്ന താലിബാനുമായി ആര്‍എസ്എസിനെ താരതമ്യം ചെയ്തത് ഹിന്ദു സംസ്കാരത്തോടുളള അനാദരവാണെന്ന് ശിവസേന. ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്ത് ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനുപിന്നാലെയാണ് ചുട്ടമറുപടിയുമായി ശിവസേന രംഗത്തുവന്നത്.

ശിവസേന മുഖപത്രമായ ‘സാമ്‌ന’യിലാണ് ഇത്തരത്തിൽ പ്രതികരണവുമായി ആർഎസ്എസ് രംഗത്തുവന്നത്. രാജ്യത്തെ ഹിന്ദുക്കളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടരുതെന്ന് മാത്രം ആഗ്രഹിക്കുന്ന ആർഎസ്എസ് എന്ന സംഘടന, താലിബാൻ ചെയ്തതുപോലെ, രാജ്യത്തെ പൗരന്മാർക്കോ സ്ത്രീകൾക്കോ ​​ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു. മാത്രവുമല്ല, ആര്‍എസ്എസ് ഒരു ‘രാഷ്ട്രനിർമ്മാണ സംഘടന’യാണെന്നും ശിവസേന അഭിപ്രായപ്പെട്ടു.

ഇന്ത്യ സഹിഷ്ണുതയുളള ഒരു ജനാധിപത്യ രാജ്യമാണെന്നും ഒരു തരത്തിലുളള ഇസ്ലാമിക മതമൗലികവാദിയുമായും താരതമ്യം ചെയ്യാനാവില്ലെന്നും ജാവേദ് അക്തറിനെതിരെ ശിവസേനയുടെ മുഖപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ അഫ്ഗാനിസ്ഥാനിലെ അവസ്ഥ ഹൃദയഭേദകമാണെന്നും, ക്രൂരമാണെന്നും മുഖപത്രത്തിൽ പറയുന്നു. പലരും ഭയത്താൽ സ്വന്തം രാജ്യത്തു നിന്ന് പലായനം ചെയ്തു. സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നതായും ‘സാമ്‌ന’യുടെ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജാവേദ് അക്തർ ആർ എസ്എസിനെ താലിബാനോടുപമിച്ച നടപടിയിൽ പരസ്യമായി ക്ഷമാപണം നടത്തണമെന്ന ആവശ്യത്തെ ശിവസേനയും പിന്തുണച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ ബി ജെ പിയും എതിർപ്പ് ഉയർത്തിയിരുന്നു. അതിനുപിന്നാലെയാണ് ശിവസേനയും പ്രതിഷേധവുമായി രംഗത്തെത്തിയത്.

Related Articles

Latest Articles