Monday, May 20, 2024
spot_img

സിദ്ധാര്‍ത്ഥിന്റെ മരണം; മുഖ്യപ്രതി സിൻജോയുമായുള്ള തെളിവെടുപ്പ് പൂർത്തിയായി; കൊലപാതകത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ പോലീസ്; തെളിവുകൾ നിർണായകം!

വയനാട്: എസ് എഫ് ഐയുടെ മൃഗീയമായ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങി പോലീസ്. സിദ്ധാർത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന ബന്ധുക്കളുടെ ആരോപണത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിയേക്കും. കൊലപാതക സാധ്യത പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്യില്ലെന്നും മൃതദേഹത്തിലെ പരിക്കുകൾ അതിന് തെളിവാണെന്നും മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

കൊലപാതക സാധ്യതകൾ പോലീസ് തള്ളാത്തതിന് നിരവധി കാരണങ്ങളുണ്ട്. അതിൽ മൃതദേഹത്തിലെ പരിക്കുകൾ മുതൽ സിദ്ധാർത്ഥന്റെ മരണ ശേഷമുള്ള പ്രതികളുടെ ഇടപെടലുകൾ വരെ നീളുന്നു. പോലീസ് ഹോസ്‌റ്റലിൽ എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സിദ്ധാർത്ഥന്റെ മൃതദേഹം താഴെയിറക്കിയിരുന്നു. ഇത് സംശയത്തിന് ഇടയാക്കുന്ന കാര്യമാണെന്ന് പോലീസ് വിലയിരുത്തുന്നു.

കൂടാതെ മൃതദേഹം വാഹനത്തിൽ കയറ്റാൻ ഉൾപ്പെടെ പ്രതികളിൽ ചിലർ മുന്നിൽ തന്നെയുണ്ടായിരുന്നു. കൃത്യം നടന്ന ഹോസ്‌റ്റലിലും മർദ്ദനം അരങ്ങേറിയ ഇടങ്ങളിലും സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറിയിലുമെല്ലാം പോലീസ് എത്തുംമുൻപ് പ്രതികളുൾപ്പെടെ കയറിയിറങ്ങിയതിനാൽ ഇവിടെയുള്ള നിർണായക തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു. ഇത്തരം കാര്യങ്ങളാണ് കൊലപാതകമെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ക്രൂര മർദ്ദനത്തിനിരയാകുകയും ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്‌തയാൾ ശുചിമുറിയിലെ വെന്റിലേറ്ററിൽ തൂങ്ങിമരിക്കുമോ എന്ന സംശയവയും കൊലപാതക സാധ്യതയിലേക്ക് പോലീസിനെ നയിക്കുന്നതാണ്‌.

അതേസമയം, സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിന്‍ജോയുമായി പോലീസ് ഹോസ്‌റ്റലിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഒരു മണിക്കൂറോളമാണ് തെളിവെടുപ്പ് നീണ്ടുനിന്നത്. തെളിവെടുപ്പിലുടനീളം പോലീസിന്റെ ചോദ്യങ്ങളില്‍ പതറാതെ വ്യക്തമായ മറുപടിയാണ് സിന്‍ജോ നല്‍കിയത്. സിദ്ധാര്‍ത്ഥിനെ ആക്രമിച്ചതിന് നേതൃത്വം നല്‍കിയത് സിന്‍ജോയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച ഹോസ്‌റ്റൽ നടുമുറ്റം, ഹോസ്റ്റൽ മുറി, ഡോർമെറ്ററി എന്നിവിടങ്ങളിൽ എത്തിച്ച് കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ തെളിവെടുപ്പ് പൂർത്തിയാക്കി. സിദ്ധാർത്ഥിനെ മർദ്ദിക്കാൻ ഉപയോഗിച്ച വയറും കണ്ടെടുത്തു. ആൾക്കൂട്ട വിചാരണ ചെയ്‌തതുൾപ്പെടെ എല്ലാം സിന്‍ജോ അന്വേഷണ ഉദ്യോഗസ്ഥനോട് വിശദമാക്കി.

Related Articles

Latest Articles