Friday, January 9, 2026

സിദ്ധാർത്ഥന്റെ മരണം !എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്റും കോളേജ് യൂണിറ്റ് സെക്രട്ടറിയും കീഴടങ്ങി ; നാളെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ ഒളിവിലായിരുന്ന എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് കെ.അരുണും എസ്എഫ്ഐ കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും മറ്റൊരു പ്രതിയും അന്വേഷണ ഉദ്യോഗസ്ഥന് കീഴടങ്ങി. കൽപറ്റ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ഇവർ രാതി കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ്‌ നാളെ രേഖപ്പെടുത്തും.

ബിവിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിസിദ്ധാർത്ഥനെ (21) ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നും മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നുമാണ് ആരോപണം. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പല വിവരങ്ങളും ഈ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തില്‍ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകൾ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തില്‍, തൂങ്ങിമരിച്ചതിന്റെ അടയാളത്തിനുപുറമേ രണ്ടുദിവസം പഴക്കമുള്ള മുറിവുമുണ്ട്. സിദ്ധാര്‍ഥനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നാണ് കുടംബത്തിന്റെ ആരോപണം.

വയനാട് എസ്പിയാണ് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. കൽപ്പറ്റ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കൽപ്പറ്റ ഡിവൈഎസ്പിയെ കൂടാതെ ഒരു ഡിവൈഎസ്പിയെ കൂടി പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തും. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് നടപടി.

അതേസമയം കേസിൽ മുഴുവന്‍പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് എബിവിപിയും കെഎസ്‌യുവും പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസിന് മുന്നില്‍ സമരം നടത്തുകയാണ്. എബിവിപിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ഉപവാസസമരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെഎസ്‌യുവിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിനും വ്യാഴാഴ്ച വൈകിട്ട് തുടക്കമായി. വെള്ളിയാഴ്ച സര്‍വകലാശാലയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles