ലക്‌നൗ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലെ ഹർജി ലക്‌നൗ കോടതിയാണ് പരിഗണിക്കുന്നത്. യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും കാപ്പന് ഇതുവരെ ജയിൽ മോചിതനാകാനായിട്ടില്ല. ഈ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ജയിലിൽനിന്നും ഇറങ്ങാൻ കഴിയൂ.
യുപി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ 9 നാണ് കാപ്പന് ജാമ്യം ലഭിച്ചത്. എന്നാൽ ആൾജാമ്യത്തിന് നിൽക്കാൻ യുപി സ്വദേശികൾ തയ്യാറായിട്ടില്ലെന്നാണ് കാപ്പന്റെ അഭിഭാഷകൻ പറയുന്നത്. ജാമ്യവ്യവസ്ഥ പ്രകാരം കാപ്പന് പുറത്തിറങ്ങണമെങ്കിൽ യു.പിക്കാരായ രണ്ട് പേരെങ്കിലും ആൾ ജാമ്യം നിൽക്കണം.
അതേസമയം കാപ്പന്‍ ഹത്രാസിലേക്ക് പോയ വാഹനത്തിന്റെഡ്രൈവര്‍ക്കെതിരായ ഇഡി കേസ് പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിയഞ്ചിലേക്ക് മാറ്റി. കര്‍ശ്ശന ഉപാധികളോടെയാണ് സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. അടുത്ത ആറാഴ്ച ദില്ലിയിൽ തങ്ങണം. കേരളത്തിലേക്കെത്തിയാല്‍ ലോക്കല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന് തുടങ്ങിയ ഉപാധികള്‍ മുന്നോട്ടുവെച്ചാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്.
2020 ഒക്ടോബര്‍ അഞ്ചിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രാസിലേക്ക് പോകും വഴിയാണ് സിദ്ദിഖ് കാപ്പന്‍ യുപി പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയും കാപ്പന്‍ 22 മാസമായി ജയിലിലാണ്. മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യത്തിനായി അപേക്ഷ നല്‍കിയെങ്കിലും ഇരുകോടതികളും അത് തള്ളി. ഇതോടെ കാപ്പന്റെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

