ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം അന്തിമോപചാരം നൽകും. ആചാരപരമായ വിലാപ യാത്രയായി മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ അബ്ബെയിലേക്ക് കൊണ്ടുവരും. നാല് ബില്ല്യൺ ആളുകൾ ചടങ്ങുകൾ തത്സമയം കാണുമെന്നാണ് വിലയിരുത്തൽ. 200ലധികം രാജ്യങ്ങളിലാണ് ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്.
1953 ൽ രാജ്ഞിയുടെ കിരീടധാരണം നടന്ന അതേ ദേവാലയമാണ് വെസ്റ്റ്മിൻസ്റ്റർ അബ്ബെ. രാഷ്ട്രത്തലവന്മാരും യൂറോപ്പിലെ വിവിധ രാജകുടുംബാംഗങ്ങളും അടക്കം രണ്ടായിരത്തോളം വിശിഷ്ട വ്യക്തികൾ ഇവിടെ രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കും. ഇന്ത്യൻ സമയം വൈകീട്ട് അഞ്ചു മണിയോടെ വിലാപയാത്രയായി മൃതദേഹം വെല്ലിംഗ്ടൺ ആർച്ചിൽ എത്തിക്കും. രാത്രി പന്ത്രണ്ടു മണിക്ക് രാജകുടുംബാംഗങ്ങൾ മാത്രമുള്ള ചടങ്ങിൽ മൃതദേഹം സെന്റ് ജോർജ് ചാപ്പലിൽ സംസ്കരിക്കും.
ഈ മാസം എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. എലിസബത്തിന്റെ വിടവാങ്ങലോടെ അക്ഷരാർത്ഥത്തിൽ ബ്രിട്ടനിൽ ഒരു യുഗത്തിന്റെ അന്ത്യമാണ് നടന്നത്.

