Monday, September 21, 2026

സിഗ്‌നല്‍ തകരാറിനെത്തുടര്‍ന്ന് ഒരു ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍

മധുര: മധുരയില്‍ സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ഒരേ ട്രാക്കില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ എത്തിയതു പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച തിരുമംഗലം സ്റ്റേഷനില്‍ 2 മിനിറ്റ് വ്യത്യാസത്തിലാണു വന്‍ദുരന്തം ഒഴിവായത്.

സ്റ്റേഷന്‍ മാസ്റ്റര്‍മാരില്‍ ഒരാള്‍ക്കു തമിഴ് കാര്യമായി വശമില്ലാത്തതാണു പ്രശ്‌നമായതെന്നു റെയില്‍വേ അറിയിച്ചു. തിരുമംഗലം സ്റ്റേഷന്‍ മാസ്റ്റര്‍ ജയകുമാര്‍, കല്ലിക്കുടി സ്റ്റേഷന്‍ മാസ്റ്റര്‍ ഭീം സിങ് മീണ, കണ്‍ട്രോളര്‍ മുരുകാനന്ദം എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ചെങ്കോട്ടയിലേക്കുള്ള ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്തു തന്നെ ചെങ്കോട്ടയില്‍ നിന്നു മധുരയിലേക്കു തിരിച്ച ട്രെയിനും ഇതേ ട്രാക്കിലേക്ക് എത്തുകയായിരുന്നു.

ഭീംസിങ്ങിനു തമിഴ് ഭാഷ വലിയ വശമില്ല. ട്രെയിന്‍ കടത്തിവിടരുത് എന്നു പറഞ്ഞത് കടത്തിവിടണം എന്നാണു മനസ്സിലായത്.സിഗ്‌നല്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണു നേരിട്ട് മൊബൈലിലൂടെ വിവരം കൈമാറിയത്.

സിഗ്‌നല്‍ പ്രശ്‌നത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗേറ്റ് കീപ്പറെ ജയകുമാര്‍ വിളിച്ചപ്പോഴാണ് മധുര ട്രെയിന്‍ കടന്നുപോയ വിവരം അറിഞ്ഞതും ഉടന്‍ അപായസന്ദേശം നല്‍കിയതും.

Related Articles

Latest Articles