ദില്ലി : ആഗോള തലത്തിലെ നേതൃത്വവും മറ്റ് രാജ്യങ്ങളുമായുള്ള നല്ല ഉഭയകക്ഷി ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ നരേന്ദ്ര മോദിക്ക് 2014 മുതൽ 14 രാജ്യങ്ങളുടെ പരമോന്നത ദേശീയ പുരസ്‌കാരം ലഭിച്ചതായി കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെയാണ് പ്രധാനമന്ത്രിക്ക് ലഭിച്ച പരമോന്നത ദേശീയ പുരസ്കാരങ്ങളെപ്പറ്റി പരാമർശം നടത്തിയത്.
2018 ൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ലഭിച്ചത്. കൂടാതെ, 2014 മുതൽ, പ്രധാനമന്ത്രിക്ക് 14 രാജ്യങ്ങളുടെ പരമോന്നത ദേശീയ പുരസ്കാരങ്ങളും ലഭിച്ചതായി വി മുരളീധരൻ വ്യക്തമാക്കി. പ്രധാനമന്ത്രിയ്ക്ക് ലഭിച്ചിരിക്കുന്ന ഈ ബഹുമതികൾ ഉഭയകക്ഷി, പ്രാദേശിക, ആഗോള തലങ്ങളിൽ അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്രത്തിനും നേതൃത്വത്തിനും ലഭിച്ച വ്യക്തമായ അംഗീകാരമാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കൂട്ടിച്ചേർത്തു.
2016ൽ അഫ്ഗാനിസ്ഥാൻ നൽകിയ സ്റ്റേറ്റ് ഓർഡർ ഓഫ് ഘാസി അമീർ അമാനുല്ല ഖാൻ, 2018 ഫെബ്രുവരിയിൽ പലസ്തീൻ നൽകിയ ഗ്രാൻഡ് കോളർ ഓഫ് പലസ്തീൻ, ഒക്ടോബറിൽ യുഎൻ ചാമ്പ്യൻ ഓഫ് ദ എർത്ത് അവാർഡ്, 2018, 2019 ഏപ്രിലിൽ യുഎഇയുടെ ഓർഡർ ഓഫ് സായിദ്, 2019 ഏപ്രിലിൽ റഷ്യയുടെ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ, 2019 ജൂണിൽ മാലദ്വീപിൽ നിന്ന് ഓർഡർ ഓഫ് ഇസ്സുദ്ദീൻ, 2019 ഓഗസ്റ്റിൽ ബഹ്‌റൈന്റെ കിംഗ് ഹമദ് ഓർഡർ ഓഫ് ദി റിനൈസൻസ്, 2020 ഡിസംബറിൽ യുഎസിന്റെ ലെജിയൻ ഓഫ് മെറിറ്റ്, ഭൂട്ടാൻ നൽകിയ ഓർഡർ ഓഫ് ഡ്രാഗൺ കിംഗ്, ഈ വർഷം മേയിൽ ഫിജിയുടെ ഓർഡർ ഓഫ് ഫിജി, പാപുവ ന്യൂ ഗിനിയയുടെ ലോഗോഹു ഓർഡർ, ജൂണിൽ ഈജിപ്തിന്റെ ഓർഡർ ഓഫ് ദി നൈൽ എന്നിവ പ്രധാനമന്ത്രിക്ക് ലഭിച്ചതായും വി മുരളീധരൻ പറഞ്ഞു.

