തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ (വിസി) ചുമതല സ്ഥാനം ഗവർണറുടെ നിർദേശ പ്രകാരം ഏറ്റെടുത്തതിലൂടെ മാദ്ധ്യമ ശ്രദ്ധനേടിയ ഡോ. സിസ തോമസിന് തിരുവനന്തപുരത്ത് തന്നെ നിയമനം നൽകണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. സിസയെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. പകരം നിയമനം എവിടെയാകുമെന്നതിൽ ഇത് വരെയും വ്യക്തതയില്ല. എന്നാലും സിസയെ തിരുവനന്തപുരത്തിനു പുറത്തേക്കു മാറ്റുമെന്നാണു സൂചന.തുടർന്നാണ് സിസ ഹർജി സമർപ്പിക്കുന്നതും ട്രൈബ്യൂണൽ ഉത്തരവിടുന്നതും.
യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിനെത്തുടർന്നു സാങ്കേതിക സർവകലാശാല വിസി സ്ഥാനത്തുനിന്നു സുപ്രീം കോടതി പുറത്താക്കിയ ഡോ. എം.എസ്. രാജശ്രീയെ ആണ് സിസയുടെ സ്ഥാനത്തു സീനിയർ ജോയിന്റ് ഡയറക്ടറായി സർക്കാർ ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. സിസയുടെ നിയമന ഉത്തരവു പിന്നീട് ഇറക്കുമെന്നാണു സർക്കാർ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിനു പുറത്തേക്കു മാറ്റിയാൽ വിസിയുടെ ചുമതല നിർവഹിക്കാൻ ബുദ്ധിമുട്ടു വരും. അടുത്ത മാസം വിരമിക്കാൻ ഇരിക്കെയാണു സിസയെ തൽസ്ഥാനത്തു നിന്ന് മാറ്റിയത്.

