Sunday, June 2, 2024
spot_img

ഭാരതത്തിന് വേണ്ടി സര്‍വസ്വവും സമര്‍പ്പിച്ച ഐറിഷ് വനിത; ഇന്ന് ഭഗിനി നിവേദിതയുടെ ചരമ വാർഷികം

അദ്ധ്യാപിക, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരി എന്നീ നിലകളിലെല്ലാം അറിയപ്പെട്ട മാര്‍ഗരറ്റ് എലിസബത്ത് നോബിളെന്ന പില്‍ക്കാലത്തെ ഭഗിനി നിവേദിത 1895-ല്‍ സ്വാമി വിവേകാനന്ദനെ നേരിട്ട് കണ്ടതോടെയാണ് ജീവിതത്തിന്റെ ഗതിമാറ്റമുണ്ടായത്. തന്റെ സംശയങ്ങള്‍ക്കെല്ലാം സ്വാമി വിവേകാനന്ദനില്‍ നിന്ന് അവര്‍ക്ക് മറുപടികിട്ടി. സ്വാമിവിവേകാനന്ദനെയും ശ്രീരാമകൃഷ്ണപരമഹംസനെയും ഗുരുക്കന്മാരായി സ്വീകരിച്ച് മാര്‍ഗരറ്റ് 1898 ജനുവരി 25-ന് സന്യാസിനിയായി. അവര്‍ക്ക് നിവേദിത എന്ന പേരിട്ടത് സ്വാമി വിവേകാനന്ദനായിരുന്നു. ദൈവത്തിനായി ജീവിതം സമര്‍പ്പിച്ചവള്‍ എന്നായിരുന്നു ആ പേര് കൊണ്ട് വിവേകാനന്ദന്‍ ഉദ്ദേശിച്ചത്.

ശ്രീരാമകൃഷ്ണ സമ്പ്രദായത്തിലുള്ള പരിശീലനം ലഭിച്ച സിസ്റ്റര്‍ നിവേദിതയ്ക്ക് ഭാരതത്തിന്റെ മനസ്സറിയുവാന്‍ സാധിച്ചതില്‍ ശ്രീശാരദാദേവിയുമായുള്ള കൂടിക്കാഴ്ചയും ഏറെ സഹായകമായി. വിവേകാനന്ദ സന്ദേശങ്ങളുടെ പ്രചരണാര്‍ത്ഥം അല്‍മോറ, കാശ്മീര്‍ എന്നിവിടങ്ങളിലെ ആശ്രമജീവിതവും നൈഷ്ഠിക ബ്രഹ്മചാരിണിയായി ബേലൂര്‍മഠത്തിലെജീവിതവും അവരെ രൂപപ്പെടുത്തി. ഭാരതത്തെ ആത്മാവിലേക്ക് ആവാഹിച്ച അവര്‍ ഭാരതത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സ്വയം നിവേദിക്കുകയായിരുന്നു.

ഭാരത ചരിത്രത്തെ എങ്ങനെ ശരിയായി വായിച്ചെടുക്കണമെന്നുള്ള ഉള്‍ക്കാഴ്ച ഭാരതീയര്‍ക്ക് നല്‍കാനും അവര്‍ക്ക് കഴിഞ്ഞു. ഭാരതീയ കലകളുടെ യഥാര്‍ത്ഥ ഈടിരിപ്പുകളെപ്പറ്റി നന്ദലാല്‍ബോസും അബനീന്ദ്രനാഥടാഗോറും ഉള്‍പ്പെടെയുള്ള അന്നത്തെ പ്രഗല്ഭരായ ചിത്രകാരന്മാര്‍ക്ക് മാര്‍ഗദര്‍ശനമേകാനും ഭാരതീയ സൗന്ദര്യശാസ്ത്രത്തെ നേരായരീതിയില്‍ വ്യാഖ്യാനിക്കുവാനും അവര്‍ക്കുകഴിഞ്ഞു.1911 ഒക്ടോബർ 13ന് ഭഗിനി നിവേദിത ലോകത്തോട് വിട പറഞ്ഞു

Related Articles

Latest Articles