Friday, June 14, 2024
spot_img

ഇന്ന് സംസ്‌ഥാന കായിക ദിനം; കായിക കേരളത്തിന്റെ പിതാവായ ജി.വി. രാജയുടെ ജന്മദിനം

ഇന്ന് സംസ്‌ഥാന കായിക ദിനം. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണല്‍. പി. ആര്‍. ഗോദവര്‍മ്മ രാജ ജന്മദിനമാണ് സംസ്‌ഥാന കായിക ദിനമായി നാം ആചരിക്കുന്നത്. കായികചരിത്രത്തിലെ സുപ്രധാനവ്യക്തിത്വമായ അദ്ദേഹം കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും കണക്കാക്കപ്പെടുന്നു.

1908 ഒക്ടോബര്‍ 13-ന് കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍, കാഞ്ഞിരമറ്റം കൊട്ടാരത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കാര്‍ത്തിക തിരുനാള്‍ അംബാലിക തമ്പുരാട്ടിയുടെയും പുതുശ്ശേരി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുമാണ് ഗോദവര്‍മ്മ രാജയുടെ മാതാപിതാക്കള്‍. പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ തന്നെ കീഴില്‍ 1913-ല്‍ സ്ഥാപിച്ച എസ്സ്. എം. വി. ഹൈസ്‌കൂളില്‍ ആണ്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം മദ്രാസില്‍ നിന്ന് മെഡസിനില്‍ ബിരുദമെടുത്തു.

സംസ്ഥാനത്തെ കായിക മേഖലയില്‍ സമഗ്രമായ സംഭാവനയാണ് ജി.വി. രാജ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ടെന്നീസ് പ്രചരിപ്പിക്കുന്നതിനായി വിംബിള്‍ഡണ്‍ ജേതാവ് ബില്‍ ടില്‍ഡണെ ഒരു പ്രദര്‍ശന മത്സരത്തിനായി ക്ഷണിച്ചപ്പോള്‍ 1938 ഫെബ്രുവരി 1-ന് തിരുവനന്തപുരം ശാസ്തമംഗലത്ത് ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ് സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. പിന്നീട് 1950 മുതല്‍ 1953 വരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. അതേസമയം ബി.സി.സി.ഐ യുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ബി.സി.സി.ഐ സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെയാണ്.

1954-ല്‍ രൂപവത്കരിക്കപ്പെട്ട ട്രാവന്‍കൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപകപ്രസിഡന്റുമായിരുന്നു ജി.വി രാജ. കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തോടെ ട്രാവന്‍കൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലായി മാറി. മരണം വരെ അദ്ദേഹം കൗണ്‍സിലിന്റെ പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് തിരുവനന്തപുരത്തെ കായികവിദ്യാലയം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്ന് പേരിട്ടത്. കായികരംഗത്തെ സംഭാവനകള്‍ക്ക് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജി.വി. രാജ പുരസ്‌കാരം നല്‍കിവരുന്നുണ്ട്.

Related Articles

Latest Articles