കലാമിന് ഇനി പുഷ്പ്പാർച്ചന ഇല്ല; ശിവദാസൻ ഇനി ഓർമ്മ
കൊച്ചി: മറൈൻ ഡ്രൈവിലെ എപിജെ അബ്ദുൽ കലാമിന്റെ പ്രതിമ പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച് മലയാളികളുടെ കയ്യടിയും സ്നേഹവും നേടിയ ശിവദാസൻ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് പറവൂർ ഏഴിക്കര സ്വദേശി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശിവദാസൻ പ്രശസ്തനായതിനെ തുടർന്ന് ഉണ്ടായ അസൂയയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ശിവദാസനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ അസ്വാഭാവിക മുറിവുകൾ പരിശോധനയിൽ കണ്ടു. തുടർന്നാണ് ശിവദാസന്റേത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വടി എന്നറിയപ്പെടുന്ന രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. രാജേഷ് ഭിന്നശേഷിക്കാരനാണ്. ഇയാളും സംഘവുമാണ് മറൈൻ ഡ്രൈവിൽ പല സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നത്.
കൊല്ലം കോയിവിള പുത്തൻവീട്ടിൽ ശിവദാസൻ 2 തവണ എ.പി.ജെ. അബ്ദുൽ കലാമിനെ നേരിട്ടു കണ്ടിട്ടുണ്ട്. ആ ഓർമകളിലാണ്, 2016 മുതൽ നിത്യവും പ്രതിമ വൃത്തിയാക്കി, പൂക്കൾ വച്ച് അലങ്കരിച്ചിരുന്നത്. നടപ്പാതയിലെ നടത്തക്കാർക്കു സുപരിചിതനായ ശിവദാസൻ, മറൈൻ ഡ്രൈവിൽ നിന്നു തന്നെ ശേഖരിക്കുന്ന പൂക്കൾ കൊണ്ടാണു പ്രതിമ അലങ്കരിച്ചിരുന്നത്. ആക്രി സാധനങ്ങൾ പെറുക്കി വിറ്റു ജീവിക്കുന്ന ശിവദാസൻ, നടപ്പാതയിൽ തന്നെയാണ് അന്തിയുറങ്ങിയിരുന്നത്.

