Tuesday, December 30, 2025

ബിജെപിയുമായി വീണ്ടും അടുക്കാനൊരുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, താന്‍ ഇപ്പോഴും ഹിന്ദുത്വവാദി, പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയെന്നും പ്രതികരണം

മുംബൈ: ബിജെപി യുമായി ഇനിയൊരിക്കലും സഖ്യമുണ്ടാവില്ലെന്ന് താന്‍ പറയില്ലെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ശിവസേന മുഖപത്രമായ സാമ്നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹാസഖ്യത്തെ വെട്ടിലാക്കുന്ന ഉദ്ധവ് താക്കറെയുടെ പ്രതികരണം. ‘ഞാന്‍ ഒരു ഹിന്ദുത്വ വാദിയാണ്.അതെന്നും അങ്ങനെ തന്നെയായിരിക്കും.അതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ല ‘ എന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കി.

ശിവസേനക്ക് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബാല്‍ താക്കറെയ്ക്ക് താന്‍ നല്‍കിയ വാക്കാണ്. പിതാവിന് നല്‍കിയ ആ വാക്ക് യാഥാര്‍ഥ്യമാക്കാനാണ് മുഖ്യമന്ത്രിയായതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ ഉദ്ധവ് താക്കറെ അഭിമുഖത്തില്‍ പിന്തുണച്ചു.

വിവാദമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ ആരുടേയും പൗരത്വം കവര്‍ന്നെടുക്കുകയില്ല, മറിച്ച് പാകിസ്ഥാന്‍ പോലെയുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പീഡനത്തിനിരയായ ഹിന്ദു ,സിഖ്,പാഴ്സി,ക്രിസ്ത്യന്‍,ബുദ്ധ,ജൈന മതസ്ഥരായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുക മാത്രമാണ് ചെയ്യുകയെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

സ്വന്തം സഖ്യകക്ഷികളായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍സിപി) കോണ്‍ഗ്രസും പൗരത്വ ഭേദഗതിയ്ക്കെതിരെ കനത്ത പ്രക്ഷോഭം നടത്തുമ്പോഴാണ് ഉദ്ധവിന്റെ ഈ പരാമര്‍ശം. അതേസമയം,എന്‍ആര്‍സി നടപ്പിലാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഉദ്ധവ് അഭിപ്രായപ്പെട്ടു.

Related Articles

Latest Articles