Sunday, May 19, 2024
spot_img

മുൾമുനയിൽ നാട്! കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയത് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ? മൂന്ന് ദിവസമായി പ്രദേശത്ത് ഒരു കാർ കണ്ടിരുന്നു എന്ന് അയൽവാസി; കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയത് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ എന്ന് സൂചന. മൂന്ന് ദിവസമായി പ്രദേശത്ത് ഒരു കാര്‍ ചുറ്റിക്കറഞ്ഞിരുന്നത് കണ്ടിരുന്നുവെന്ന് അയല്‍വാസി സുനിത പറഞ്ഞു. അത്ര കാര്യമാക്കിയില്ല. അയല്‍വീടുകളിലെ ആരുടെയെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ ആണെന്ന് കരുതിയെന്നും അയല്‍വാസി പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരം 4.15നാണ് കുട്ടിയെ തട്ടികൊണ്ടിപ്പോയത്. 100 മീറ്റര്‍ അകലെ നിന്ന് കുട്ടിയുടെ നിലവിളി കേട്ടാണ് ഓടിച്ചെന്നത്. ആണ്‍കുട്ടി നിലവിളിച്ചുകൊണ്ട് പറഞ്ഞത് അനിയത്തിയെ കൊണ്ടുപോയെന്നാണ്. വെള്ളക്കാറിലാണ് കൊണ്ടുപോയതെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ ഡ്രസ് കീറിയിട്ടുണ്ടായിരുന്നു. അപ്പോഴേക്കും കുട്ടിയുടെ അമ്മൂമ്മ ഓടിവന്നു. എന്നും കളിച്ചു ചിരിച്ച് കുട്ടികള്‍ ഈ വഴിയാണ് പോകാറുള്ളതെന്നും അയല്‍വാസി പറഞ്ഞു.

ഒരു കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും അതത്ര കാര്യമായെടുത്തില്ലെന്നാണ് അബിഗേൽ സാറയുടെ അമ്മൂമ്മ പറയുന്നത്. നേരത്തെയും ഒരു കാര്‍ വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു. നിർത്തിയിട്ട കാറിൽ നിന്നും രണ്ടു പേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാതിരുന്നതെന്ന് അമ്മൂമ്മ പറ‌ഞ്ഞു.

അതേസമയം, കുട്ടി എവിടെയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഐജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. അത് സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും സൈബര്‍ പരിശോധനകള്‍ക്കുമെല്ലാമായി വിവിധ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. എത്രയും വേഗം കുട്ടിയെ കണ്ടുപിടിക്കാനാണ് ശ്രമം. കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറിന്‍റെ നമ്പര്‍ വ്യാജമാണെന്നും സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

Related Articles

Latest Articles