കൊച്ചി: കൊച്ചി മെട്രോ (Kochi Metro) പാളത്തിന് ചെരിവുള്ളതായി കണ്ടെത്തല്‍. പത്തടിപ്പാലത്തിനു സമീപം 347–ാം നമ്പർ തൂണിനടുത്താണു പാളത്തിൽ നേരിയ ചെരിവു കണ്ടെത്തിയിട്ടുള്ളത്. മെട്രോ പാളത്തിന്റെ ചെരിവ് പാളം ഉറപ്പിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ഭാഗത്തിന്റെ (വയഡക്ട്) ചെരിവാണെന്ന് സംശയിച്ചെങ്കിലും അതല്ലെന്നാണ് ആദ്യ വിലയിരുത്തല്‍. ഇവിടെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററായി കുറച്ചു.
കെഎംആർഎൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തകരാർ ബോധ്യപ്പെട്ടതിനെത്തുടർന്നു വിശദമായ പരിശോധനയ്ക്കു ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡിഎംആർസി) വിവരം അറിയിച്ചിട്ടുണ്ട്.അതേസമയം, തൂണിന്റെ ചെരിവ് ആണെങ്കിൽ പോലും അതു പരിഹരിക്കാൻ കഴിയുമെന്ന് എൻജിനീയർമാർ അഭിപ്രായപ്പെട്ടു. ഡിഎംആർസിയുടെ മേൽനോട്ടത്തിലാണ് ആലുവ മുതൽ പേട്ട വരെയുള്ള 25 കിലോമീറ്റർ മെട്രോ നിർമിച്ചത്.

