Sunday, May 19, 2024
spot_img

തൃശൂരിൽ നാലാം ക്ലാസ് വിദ്യാർഥിയെ അണലി കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പാമ്പുകടിയേറ്റത് സ്‌കൂൾ വളപ്പിലേക്കു ബസിൽ വന്നിറങ്ങുമ്പോൾ

തൃശൂർ: വടക്കാഞ്ചേരിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സ്‌കൂൾ വളപ്പിൽ വച്ച് പാമ്പുകടിയേറ്റു. അണലിയുടെ കടിയേറ്റ, വടക്കാഞ്ചേരി ഗവ. ബോയ്സ് എൽപി സ്‌കൂളിലെ വിദ്യാർത്ഥി ആദേശിനെ (9) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂൾ കെട്ടിടം പൊളിച്ചു പണിയുന്നതിനാൽ ഇവ‍ിടുത്തെ നൂറോളം വിദ്യാർത്ഥികളെ സമീപത്തെ ഗേൾസ് എൽപി സ്കൂൾ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു.

രാവിലെ 9.45ന് സ്‌കൂൾ വളപ്പിലേക്കു ബസിൽ വന്നിറങ്ങുമ്പോഴാണ് കുട്ടിക്കു പാമ്പുകടിയേറ്റത്. അധികം വലുപ്പമില്ലാത്ത പാമ്പായിരുന്നെന്നു മറ്റു കുട്ടികൾ പറഞ്ഞു. സ്‌കൂൾ മുറ്റം പൂർണമായി ശുചീകരിച്ചിരുന്നില്ല. കുട്ടി അപകടനില തരണം ചെയ്തു. കുമരനെല്ലൂർ അയ്യത്ത് അനിൽ കുമാർ – ദിവ്യ ദമ്പതികളുടെ മകനാണ് ആദേശ്. സ്‌കൂൾ തുറക്കുന്നതിന് മുൻപേ കുട്ടികൾക്കുള്ള വാഹനങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിർദ്ദേശിച്ച് വാഹനവകുപ്പ് ഉത്തരവിറക്കിയിരുന്നു. സ്‌കൂളുകളിലും വാഹനങ്ങളിലും കുട്ടികൾ പൂർണ സുരക്ഷിതരാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ദാരുണസംഭവം.

Related Articles

Latest Articles