Sunday, May 19, 2024
spot_img

കെഎസ്‌ആര്‍ടിസിയുടെ മേയ് മാസത്തെ വരുമാനം 193 കോടി ആയതോടെ ശമ്പളം നല്‍കുമോയെന്ന് കെ എസ് റ്റി എംപ്ലോയീസ് സംഘ്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് മെയ്മാസത്തില്‍ 193 കോടിയുടെ വരുമാനമുണ്ടായെന്ന് കണക്കുകള്‍ നിരത്തി കെഎസ്ടി എംപ്ലോയീസ് സംഘ്.ഈ മാസം എങ്കിലും ശമ്പളം കൃത്യമായി നല്‍കുമോ എന്നും ജീവനക്കാര്‍ ചോദിക്കുന്നു. മെയ്മാസത്തെ ടിക്കറ്റ് വരുമാനം 183.20 കോടിയാണ്. ടിക്കറ്റേതര വരുമാനം 10 കോടിയും. അങ്ങനെ ആകെ 193 കോടി. ചെലവ് കണക്കാക്കിയാല്‍ പരമാവധി 78 കോടി രൂപ ഡീസല്‍ ഇനത്തില്‍ പ്രതിമാസം നല്‍കണം. ശമ്പളം 82 കോടി. 30 കോടി വിവിധ ലോണുകളുടെ തിരച്ചടവിന് വേണം. ഈ തുക സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിക്ക് നല്‍കും. എട്ടു കോടി സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കായി വേണ്ടിവരും. അങ്ങനെ നോക്കിയാല്‍ ചെലവാകുന്നത് 168 കോടിരൂപ മാത്രമാണ്. 25 കോടി മിച്ചവും വരും. ആ തുക കെഎസ്‌ആര്‍ടിസിക്ക് മറ്റ് ആവശ്യങ്ങള്‍ക്ക് എടുക്കുകയുമാകാം. ജനങ്ങളുടെ നികുതി പണം എടുത്താണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതെന്ന പതിവ് പ്രചരണം നിര്‍ത്തണമെന്ന് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.എല്‍. രാജേഷ് പറഞ്ഞു. കെഎസ്‌ആര്‍ടിസിക്ക് ആവശ്യമായ തുക ജീവനക്കാര്‍ തന്നെ കണ്ടെത്തുന്നുണ്ടെന്ന് ബോധ്യമാകാനാണ് കണക്കുകള്‍ പുറത്ത് വിട്ടതെന്നും ധൂര്‍ത്തും അഴിമതിയുമാണ് കെഎസ്‌ആര്‍ടിസിയെ തകര്‍ക്കുന്നതെന്നും രാജേഷ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles