കോന്നി: പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ ഒരു വീട്ടിൽ തുടർച്ചയായി മൂന്നുദിവസം പെരുമ്പാമ്പിനെ കണ്ടെത്തിയത് പ്രദേശവാസികളിൽ ആശങ്ക പടർത്തുന്നു. വീടിന്റെ വരാന്ത, സിറ്റൗട്ട്, മുറ്റം എന്നിവിടങ്ങളിലായി വ്യത്യസ്ത ദിവസങ്ങളിലായാണ് പാമ്പുകളെ കണ്ടെത്തിയത്. ഇന്ന് മുറ്റത്തു കണ്ട പെരുമ്പാമ്പിനെ നാട്ടുകാർ ചേർന്ന് പിടികൂടി വനംവകുപ്പിന് കൈമാറി.
വീട്ടിൽ വയോധികയും കൈക്കുഞ്ഞും അടങ്ങുന്ന കുടുംബമാണുള്ളത്. തുടർച്ചയായി പാമ്പുകളെ കണ്ടെത്തുന്നത് വലിയ ഭീഷണിയാണെന്ന് ഇവർ പറയുന്നു. വനംവകുപ്പിന്റെ റെസ്ക്യൂ സംഘം എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ സ്വന്തം നിലയ്ക്ക് പാമ്പിനെ പിടികൂടാൻ തുനിഞ്ഞത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിമർശനത്തിന് കാരണമായി.
അശാസ്ത്രീയമായി പാമ്പിനെ പിടികൂടുന്നത് ഗുരുതരമായ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. പരിശീലനം സിദ്ധിക്കാത്തവർ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും, പാമ്പിനെ കണ്ടാൽ ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കണമെന്നും അധികൃതർ ആവർത്തിച്ചു പറഞ്ഞു.
എന്നാൽ, ഫോൺ വിളിച്ചാൽ വനംവകുപ്പിന്റെ റെസ്ക്യൂ സംഘം എത്താൻ വൈകുന്നതാണ് നാട്ടുകാരെക്കൊണ്ട് ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വീട്ടിൽ കുട്ടികളടക്കമുള്ളവർ ഉള്ളതിനാൽ ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രമാണ് സാഹസത്തിന് മുതിർന്നതെന്നും ഇവർ വ്യക്തമാക്കി.

