ദില്ലി: എസ്‌എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതിപട്ടികയിലുള്ള മുഴുവന്‍ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യവും, കുറ്റവിമുക്‌തരാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജികളുമാണ് കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ മൂന്നാം നമ്ബര്‍ കോടതിയിലെ പരിഗണന പട്ടികയില്‍ ആദ്യത്തെ കേസായാണ് എസ്‌എന്‍സി ലാവലിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതേ കോടതിയില്‍ ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് രാവിലെ പത്തര മണിമുതല്‍ ജമ്മുകശ്മീര്‍ ഹര്‍ജികളാകും ആദ്യം പരിഗണിക്കുക. കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഭരണഘടന ബെഞ്ച് തീരുമാനിക്കുകയാണെങ്കില്‍ ലാവലിന്‍ കേസ് മറ്റേതെങ്കിലും ദിവസത്തേക്ക് മാറിപ്പോകും.
കേസ് പരിഗണിക്കുകയാണെങ്കില്‍ സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഹാജരാകും. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആയിരിക്കും ഹാജരാകുക. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നുമാണ് സി.ബി.ഐ ആരോപണം.
കുറ്റപത്രത്തില്‍ നിന്ന് പിണറായി അടക്കം പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണ്. വിധി റദ്ദു ചെയ്യണമെന്നും സി.ബി.ഐ ആവശ്യപ്പെടുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച മൂന്ന് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്‌ഥരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആര്‍.ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നിവരുടെ ആവശ്യം.

