Tuesday, December 23, 2025

പഞ്ചായത്തിന്‍റെ ക്രൂരത; വീട്ടിലേക്ക് അടര്‍ന്നുവീണ മണ്ണ് മാറ്റാന്‍ അനുവദിക്കാതെ, ദുരിതത്തില്‍ ഒരു കുടുംബം

കോട്ടയം: വീട്ടിലേക്ക് അടർന്നുവീണ മണ്ണ് മാറ്റാനാകാതെ ദുരിതത്തിലാണ് കോട്ടയം പൊൻകുന്നത്തെ സാബുവും കുടുംബവും. കളക്ടറുടെ ഉത്തരവുണ്ടായിട്ടും നിയമത്തിന്‍റെ നൂലാമാലകളിൽ കുരുങ്ങി നിൽക്കുകയാണ് ജീവിത സമ്പാദ്യമായ വീട്. മണ്ണുനീക്കാനുള്ള ശ്രമം സിപിഎം പഞ്ചായത്ത് പ്രസിഡന്‍റ് ഇടപെട്ട് തട‌ഞ്ഞെന്ന ആരോപണവും ഉയരുന്നു.

കോട്ടയത്തിന്‍റെ കിഴക്കോരം ആകെ അന്താളിച്ച അതേദിവസം തന്നെയാണ് ചെറുക്കടവ് പഞ്ചായത്തിലെ സാബുവിന്‍റെ സ്വപ്നങ്ങൾക്ക് മേൽ മണ്ണ് പതിച്ചതും. ഒക്ടോബർ പതിനാറിലെ കനത്ത മഴയിൽ തൊട്ടടുത്ത ഉയരമുള്ള പറമ്പ് സാബുവിന്‍റെ വീട്ടിലേക്ക് അടർന്നുവീണു. വീടിന്‍റെ കരുത്ത് കുടുംബത്തിന് രക്ഷയായി. പക്ഷേ ഉപജീവനമാർഗമായിരുന്ന വർക്ക്ഷോപ്പ് നാമാവശേഷമായി. വീടിന്‍റെ ഭിത്തിയിൽ ഇടിച്ച് നിൽക്കുന്ന ടൺ കണക്കിന് മണ്ണാണ് ഇപ്പോൾ ഈ കുടുംബത്തിന്‍റെ വേദന. വസ്തുഉടമയുടെ ചെലവിൽ മണ്ണുനീക്കി കൽഭിത്തി നിർമ്മിച്ച് നൽകണമെന്ന് കളക്ടറുടെ ഉത്തരവുണ്ട്. പക്ഷേ വസ്തുഉടമയായ ക്ഷേത്രം ട്രെസ്റ്റിന് ജിയോളജി വകുപ്പിൽ ഉടമസ്ഥാവകാശ രേഖ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.

രേഖയില്ലാതെ മണ്ണെടുപ്പിന് അനുമതി നൽകാൻ കളക്ടറുടെ പ്രത്യേക ഉത്തരവ് വേണം. ദുരന്തബാധിതൻ എന്നനിലയിൽ മണ്ണെടുപ്പിന് സാബുവിന് അനുമതി കിട്ടുമായിരുന്നു. മണ്ണുവിറ്റ് ലോയൽറ്റി തുക കണ്ടെത്താൻ കളക്ടർ ആദ്യം അനുമതി നൽകിയിരുന്നു. പക്ഷേ മണ്ണ് വിൽക്കാനുള്ള സാബുവിന്‍റെ ശ്രമം പഞ്ചായത്ത് പ്രസിഡന്‍റും വാ‍ർഡ് മെമ്പറുമായ ശ്രീകുമാർ തടഞ്ഞു. താൻകൊണ്ടുവന്ന ആളെ മണ്ണെടുക്കാൻ സമ്മതിക്കില്ലെന്ന് ശ്രീകുമാർ ഭീഷണിപ്പെടുത്തിയെന്ന് സാബു പറയുന്നു.

540 ലോഡ് മണ്ണിന് അഞ്ചുലക്ഷത്തോളം രൂപ വില വരും. ഈ മണ്ണിനായി മണ്ണ് മാഫിയയുടെ നീക്കങ്ങളും സജീവമെന്ന് സംശയിക്കാം. വാസയോഗ്യമല്ലാത്ത വീട്ടിൽ നിന്ന് ഇവരെ മാറ്റി പാർപ്പിക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്ത് സെക്രട്ടറിക്കെന്ന കളക്ടറുടെ ഉത്തരവിനും പുല്ലുവിലയാണ്. വീട്ടുവാടക പോലും സാബുവിന് കണ്ടെത്താൻ കഴിയുന്നില്ല.

Related Articles

Latest Articles