Tuesday, May 7, 2024
spot_img

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസ്; പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റില്‍, ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ശൂരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാര്‍ അറസ്റ്റില്‍. ഡിസിസി സെക്രട്ടറിയടക്കം ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. ഡോക്ടര്‍ എം ഗണേഷിനെ മർദിച്ചതിനും ആശുപത്രി സൂപ്രണ്ട് ഡോ.ഷഹാന മുഹമ്മദിനെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഒപി ബഹിഷ്കരിച്ച് ആശുപത്രി ജീവനക്കാര്‍ സമരം നടത്തിയിരുന്നു.

പഞ്ചായത്ത് പ്രസിഡന്‍റില്‍ നിന്ന് മര്‍ദനമേറ്റെന്ന പരാതിയുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രണ്ട് ദിവസം മുമ്പാണ് ഡോക്ടര്‍ ഗണേശന്‍ ചികിത്സ തേടിയത്. കിണറ്റില്‍ വീണ് മരിച്ചയാളുടെ മൃതദേഹവുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു ശ്രീകുമാര്‍. ആംബുലന്‍സിലെത്തി മരണം സ്ഥിരീകരിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ മറ്റൊരു രോഗിയെ പ്ലാസ്റ്റര്‍ ഇട്ട് കൊണ്ടിരുന്നതിനാല്‍ ഡോക്ടര്‍ ആംബുലന്‍സിലെത്താന്‍ വൈകി. ഇതോടെ പ്രസിഡന്‍റ് ഡോക്ടറെ മര്‍ദിക്കുകയായിരുന്നെന്നാണ് കെജിഎംഒഎയുടെ ആരോപണം.

കേസുമായി മുന്നോട്ടു പോയാല്‍ ഡോക്ടറെ ആശുപത്രിക്ക് പുറത്ത് കൈയേറ്റം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. എന്നാല്‍ രാത്രിയില്‍ ആശുപത്രിയിലെത്തിയ തന്നോടും മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തോടും ഡോക്ടര്‍ ഗണേശന്‍ ഒരു പ്രകോപനവുമില്ലാതെ മോശമായി പെരുമാറുകയായിരുന്നെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാറിന്‍റെ മറുവാദം. ഡോക്ടറെ കൈയേറ്റം ചെയ്തിട്ടില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.

Related Articles

Latest Articles