Wednesday, October 21, 2026

ഇടയാർ നിവാസികളുടെ ദുരിതത്തിന് പരിഹാരം; തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു മാസത്തിനകം പുതിയ പാലം നിർമ്മിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവല്ലം ഇടയാർ ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട യാത്രാദുരിതത്തിന് അറുതി വരുത്തുമെന്ന വാഗ്ദാനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ദ്വീപ് നിവാസികളുടെ ദീര്‍ഘകാല ആവശ്യമായ വലിയ പാലം താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരുമാസത്തിനകം നിര്‍മ്മാണം ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള ഇരുമ്പുപാലത്തിന്റെ ശോചനീയാവസ്ഥ നേരിട്ടു കണ്ട ബോധ്യപ്പെട്ടതിനെത്തുടർന്നാണ് അടിയന്തര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഇടയാർ ദ്വീപിലെ നാനൂറോളം കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗ്ഗമാണ് നിലവിലെ ഇരുമ്പുപാലം. 2006-ൽ ബിജെപി കൗൺസിലറായിരുന്ന നെടുമം മോഹനന്റെ പരിശ്രമഫലമായാണ് ഈ പാലം നിർമ്മിക്കപ്പെട്ടത്. എന്നാൽ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള പാലം ഇന്ന് അതീവ അപകടാവസ്ഥയിലാണ്. പാലത്തിന്റെ പ്രതലത്തിലെ ഇരുമ്പ് തകിടുകളും ചട്ടക്കൂടുകളും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. വലിയ വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന തരത്തിൽ 20 അടി വീതിയുള്ള പുതിയ പാലം വേണമെന്നത് ഈ ദ്വീപ് നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്.

മുൻപ് നേമം എംഎൽഎ ആയിരുന്ന ഒ. രാജഗോപാൽ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാലം പണിയാൻ ശ്രമിച്ചെങ്കിലും അന്നത്തെ ഇടത് സർക്കാർ അതിനോട് സഹകരിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മാറി മാറി വന്ന മേയർമാരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു മടങ്ങിയതല്ലാതെ ശാശ്വത പരിഹാരമുണ്ടായില്ല. ബജറ്റിൽ തുകയില്ലെന്ന കാരണം പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറുന്നതിനിടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഉറപ്പ് ഇടയാർ നിവാസികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നത്. ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് സുരക്ഷിതവും ആധുനികവുമായ യാത്രാസൗകര്യം ഒരുക്കുമെന്നാണ് അദ്ദേഹം വോട്ടർമാർക്ക് നൽകിയ ഉറപ്പ്.

Related Articles

Latest Articles