ചെന്നൈ : നഗര മധ്യത്തിൽ ശുചീകരണത്തൊഴിലാളിയായ സ്ത്രീ ബസിന് മുന്നില്‍ ചാടി ജീവനൊടുക്കിയത് കോളേജ് വിദ്യാർത്ഥിയായ മകന്റെ ഫീസ് അടയ്ക്കാനുള്ള പണത്തിനു വേണ്ടിയായിരുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. സേലം കളക്ടറേറ്റ് ഓഫീസിലെ ശുചീകരണത്തൊഴിലാളിയായ പാപ്പാത്തി (45) മരിച്ച സംഭവത്തിലാണ് ആത്മഹത്യ കാരണം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നൽകുമെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിൽ ലഭിക്കുന്ന പണം ഉപയോഗിച്ച് മകന്റെ ഫീസായ 45,000 രൂപ അടയ്ക്കാമെന്ന് കരുതിയ സ്ത്രീ ബസിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ശുചീകരണത്തൊഴിലാളിയായ പാപ്പാത്തിയാണ് കഴിഞ്ഞ 15 വര്‍ഷമായി മക്കളെ നോക്കിയിരുന്നത്.
കഴിഞ്ഞ മാസം 28-ാം തീയതി സേലത്തുവെച്ചാണ് പാപ്പാത്തി ബസിന് മുന്നില്‍ ചാടി മരിച്ചത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഇവർ പെട്ടെന്ന് റോഡിലൂടെ വരികയായിരുന്ന ബസിനു നേരെ അതിവേഗം നടക്കുകയുംന്ന ബസ് ഇവരെ ഇടിച്ചിടുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഇതിന് മുന്‍പ് പാപ്പാത്തി മറ്റൊരു ബസിന് മുന്നിലേക്ക് ചാടാന്‍ ശ്രമിച്ചതായും എന്നാൽ ആ ശ്രമത്തില്‍ ഒരു ഇരുചക്രവാഹനമാണ് യുവതിയെ ഇടിച്ചതെന്നും ഇതിനുശേഷമാണ് യുവതി വീണ്ടും മറ്റൊരു ബസിന് മുന്നിലേക്ക് ചാടിയതെന്നും പറയപ്പെടുന്നു .

