Saturday, May 18, 2024
spot_img

ദക്ഷിണാഫ്രിക്കയുടെ ഓസ്‌ട്രേലിയ വധം ! മുൻ ചാമ്പ്യന്മാരെ 134 റൺസിന് തകർത്തെറിഞ്ഞ് ദക്ഷിണാഫ്രിക്ക! ഓസ്‌ട്രേലിയയുടെ ലോകകപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടി

ലഖ്‌നൗ: ഏകദിന ലോകകപ്പിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി മുൻ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ . 134 റണ്‍സിന്റെ വമ്പൻ തോൽവിയാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കങ്കാരുപ്പട ഏറ്റുവാങ്ങിയത്. ഈ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തപ്പോൾ വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന്റെ പോരാട്ടം 40.5 ഓവറില്‍ 177 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ യാന്‍സനും തബ്രൈസ് ഷംസിയും കേശവ് മഹാരാജുമാണ് ഓസ്‌ട്രേലിയ വധം പൂർത്തിയാക്കിയത്.

മിച്ചല്‍ മാര്‍ഷ് (7), ഡേവിഡ് വാര്‍ണര്‍ (13), സ്റ്റീവ് സ്മിത്ത് (19), ജോഷ് ഇംഗ്ലിസ് (5), ഗ്ലെന്‍ മാക്‌സ്‌വെല്‍ (3), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (5) തുടങ്ങി ഓസീസിന്റെ പേരുകേട്ട ബാറ്റിങ് നിര പൊരുതാന്‍ പോലും നില്‍ക്കാതെ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് വിക്കറ്റ് സമ്മാനിച്ച് തിരികെ നടന്നപ്പോൾ 74 പന്തുകള്‍ നേരിട്ട് 46 റണ്‍സെടുത്ത ലബുഷെയ്ന്‍ തോൽവിയിലും മികച്ച പ്രകടനം നടത്തി. മിച്ചല്‍ സ്റ്റാര്‍ക്കിനെ കൂട്ടുപിടിച്ച് ഏഴാം വിക്കറ്റില്‍ ലബുഷെയ്ന്‍ കൂട്ടിച്ചേര്‍ത്ത 69 റണ്‍സില്ലായിരുന്നുവെങ്കിൽ ഓസ്‌ട്രേലിയയുടെ നില ഇതിലും പരിതാപകരമായേനെ. 51 പന്തുകള്‍ നേരിട്ട സ്റ്റാര്‍ക്ക് 27 റണ്‍സെടുത്ത് പുറത്തായി. 21 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തോല്‍വി ഭാരം അല്‍പം കുറച്ചു. ആദം സാംപ 11 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തേ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ സെഞ്ചുറി മികവിലാണ് ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഡിക്കോക്ക് 106 പന്തുകള്‍ നേരിട്ട് അഞ്ച് സിക്സും എട്ട് ഫോറുമടക്കം 109 റണ്‍സെടുത്തു.

ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസിന് ഡിക്കോക്ക് – ക്യാപ്റ്റന്‍ ടെംബ ബവുമ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. 19.4 ഓവറില്‍ 108 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിയുന്നത്. 55 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ബവുമയെ ഗ്ലെന്‍ മാക്സ്വെല്‍ പുറത്താക്കുകയായിരുന്നു.

പിന്നാലെ റാസ്സി വാന്‍ഡെര്‍ ദസനെ കൂട്ടുപിടിച്ച് ഡിക്കോക്ക് സ്‌കോര്‍ 150 കടത്തി. 30 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ദസന്‍ ആദം സാംപയുടെ പന്തിൽ പുറത്തായി. പിന്നീട് ക്രീസിലെത്തിയ ഏയ്ഡന്‍ മാര്‍ക്രവും മികച്ച രീതിയിൽ ബാറ്റ് വീശി. 35-ാം ഓവറില്‍ ഡിക്കോക്ക് മടങ്ങിയെങ്കിലും നാലാം വിക്കറ്റില്‍ ഹെന്‍ റിച്ച് ക്ലാസനെ കൂട്ടുപിടിച്ച് മാര്‍ക്രം 66 റണ്‍സ് പ്രോട്ടീസ് സ്‌കോറിലേക്ക് ചേര്‍ത്തു. 44 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 56 റണ്‍സെടുത്താണ് മാര്‍ക്രം മടങ്ങിയത്. 27 പന്തുകള്‍ നേരിട്ട ക്ലാസന്‍ 29 റണ്‍സെടുത്ത് പുറത്തായി.

ഒടുവില്‍അവസാന ഓവറുകളില്‍ ഒന്നിച്ച ഡേവിഡ് മില്ലര്‍ – മാര്‍ക്കോ യാന്‍സന്‍ സഖ്യം തകർത്തടിച്ചതോടെയാണ്
ദക്ഷിണാഫ്രിക്കൻ സ്‌കോര്‍ 300 കടത്തിയത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അതിവേഗം 43 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. യാന്‍സന്‍ 22 പന്തില്‍ നിന്ന് 26 റണ്‍സെടുത്തപ്പോള്‍ മില്ലര്‍ 13 പന്തില്‍ നിന്ന് 17 റണ്‍സെടുത്തു.

Related Articles

Latest Articles