തിരുവന്തപുരം: ദക്ഷിണ മേഖല കരസേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ജെ.എസ്. നൈൻ തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷൻ സന്ദർശിക്കുകയും കരയിലും വെള്ളത്തിലും പ്രവർത്തിക്കാൻ ക്ഷമതയുള്ള സുദർശൻ ചക്ര കോർപ്സിലെ സൈനികരുടെ യുദ്ധക്ഷമത പരിശോധിക്കുകയും ചെയ്തു. ഈ മാസം 02, 03 തീയതികളിലാണ് അദ്ദേഹം മിലിറ്ററി സ്റ്റേഷൻ സന്ദർശിച്ചത്.

സേനയുടെ പ്രവർത്തന ക്ഷമത, തയ്യാറെടുപ്പ്, സുരക്ഷാ സാഹചര്യം, മാനവ വിഭവശേഷി വികസനം, വ്യോമ, നാവിക സേനാ വിഭാഗങ്ങൾ, സൗഹൃദ വിദേശ രാജ്യങ്ങൾ എന്നിവയോടൊപ്പമുള്ള സംയുക്ത അഭ്യാസ പരിശീലനങ്ങളിൽ പാങ്ങോട് മിലിറ്ററി യൂണിറ്റുകളുടെ പങ്കാളിത്തം തുടങ്ങിയ വിവരങ്ങൾ പാങ്ങോട് മിലിറ്ററി സ്റ്റേഷൻ മേധാവി ബ്രിഗേഡിയർ ലളിത് ശർമ്മ ജനറൽ ഓഫീസറെ അറിയിച്ചു.

സേനയുടെ വിവിധ പരിശീലന കേന്ദ്രങ്ങൾ സന്ദർശിച്ച അദ്ദേഹം രക്ഷാപ്രവർത്തനം ദുരന്ത നിവാരണം ആയോധനകലാ പരിശീലനം നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ പുരോഗതി അവലോകനം ചെയ്തു. പ്രവർത്തന സന്നദ്ധത, മനോവീര്യം, പ്രചോദനം എന്നിവയിൽ ഉയർന്ന നിലവാരം പുലർത്തുന്നതിൽ പാങ്ങോട് സൈനിക കേന്ദ്രത്തിലെ എല്ലാ സൈനികരെയും ആർമി കമാൻഡർ അഭിനന്ദിക്കുകയും ചെയ്തു.


