ബൈക്കോനൂർ: ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ ഉൾപ്പെട്ട സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്വിജയകരമായി യാത്ര തിരിച്ചു. കസാഖ്സ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തിലാണ് ചൊവ്വാഴ്ച ഇവർ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. അനിൽ മേനോന്റെ ആദ്യ ബഹിരാകാശ ദൗത്യമാണിത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ കോസ്മോനട്ടുകളായ പ്യോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. വിക്ഷേപണം കഴിഞ്ഞ് ഏകദേശം മൂന്ന് മണിക്കൂറിനുള്ളിൽ സോയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഘടിപ്പിക്കും. എക്സ്പെഡിഷൻ 74, 75 എന്നിവയുടെ ഭാഗമായി ശാസ്ത്രീയ ഗവേഷണങ്ങൾക്കായി എട്ട് മാസത്തോളം അനിൽ മേനോൻ ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലയത്തിൽ നിലവിലുള്ള നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, റോസ്കോസ്മോസ് യാത്രികർക്കൊപ്പം ഈ സംഘവും ചേരും. വിക്ഷേപണത്തിന് മുന്നോടിയായി, നാസ കമ്മ്യൂണിറ്റിക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് അനിൽ മേനോൻ എക്സിൽ തന്റെ ആവേശം പങ്കുവെച്ചിരുന്നു.
കഴിഞ്ഞ എട്ട് വർഷത്തിനിടെ ഒരു നാസ മേധാവി ബൈക്കോനൂർ കോസ്മോഡ്രോം സന്ദർശിക്കുന്നത് ഇതാദ്യമാണ് എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തിയിരുന്നു. ഉക്രൈൻ യുദ്ധത്തെത്തുടർന്ന് അമേരിക്കയും റഷ്യയും തമ്മിൽ കടുത്ത ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുന്നതിന്റെ തെളിവാണ് ഈ സന്ദർശനം. വിക്ഷേപണത്തിന് മുന്നോടിയായി റോസ്കോസ്മോസ് മേധാവി ദിമിത്രി ബകാനോവുമായും ഐസക്മാൻ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു ഏജൻസികളും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളിലെ പ്രൊഫഷണലിസത്തെയും സമർപ്പണത്തെയും അദ്ദേഹം പ്രശംസിച്ചു. പരസ്പരമുള്ള ക്രൂ എക്സ്ചേഞ്ച് കരാറുകൾ വഴിയാണ് അമേരിക്കൻ യാത്രികർ റഷ്യൻ പേടകങ്ങളിലും റഷ്യൻ യാത്രികർ അമേരിക്കൻ പേടകങ്ങളിലും യാത്ര ചെയ്യുന്നത് തുടരുന്നത്.
മിനിയാപൊളിസിൽ ജനിച്ച 49 കാരനായ അനിൽ മേനോൻ ഇന്ത്യൻ-ഉക്രേനിയൻ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ളയാളാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അച്ഛൻ ശങ്കരൻമേനോൻ. യുക്രൈൻകാരി എലിസബത്ത് സമോയിലെങ്കോയാണ് അമ്മ. സ്പെയ്സ് എക്സ് ജീവനക്കാരിയായ ഭാര്യ അന്നാ മേനോനും ബഹിരാകാശത്തുപോയിട്ടുണ്ട്. ജെയിംസ്, ഗ്രേസ് എന്നിവരാണ് മക്കൾ. അടിയന്തിര ചികിൽസ (Emergency Medicine), എയറോസ്പേസ്, സൈനിക സേവനം എന്നിവയിൽ വിപുലമായ പരിചയസമ്പത്തുള്ള അദ്ദേഹം ഹിമാലയൻ റെസ്ക്യൂ അസോസിയേഷനിൽ ഫിസിഷ്യനായും യുഎസ് സ്പേസ് ഫോഴ്സിൽ കേണലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻപ് യുഎസ് എയർഫോഴ്സിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ ഓപ്പറേഷൻ എൻഡ്യൂറിംഗ് ഫ്രീഡത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. പ്രശസ്ത ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ (SpaceX) ആദ്യത്തെ ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ചതിന് ശേഷമാണ് 2021-ൽ അദ്ദേഹം നാസയുടെ ബഹിരാകാശ കോർപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തന്റെ എട്ട് മാസത്തെ ദൗത്യത്തിനിടയിൽ, മൈക്രോ ഗ്രാവിറ്റിയിലെ സെമികണ്ടക്ടർ ക്രിസ്റ്റൽ നിർമ്മാണം, ബഹിരാകാശത്തെ രക്തചംക്രമണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും സഹായത്തോടെയുള്ള ബഹിരാകാശ വൈദ്യശാസ്ത്രം, വാസ്കുലർ ടിഷ്യൂകളുടെ ബയോപ്രിന്റിംഗ് തുടങ്ങിയ നിർണ്ണായകമായ നിരവധി ശാസ്ത്ര പരീക്ഷണങ്ങൾക്ക് അനിൽ മേനോൻ നേതൃത്വം നൽകും.

